vaseela

തിരുവനന്തപുരം: ' അദ്ധ്യാപകരുടെ സഹായവും മാതാപിതാക്കളുടെ പ്രാർത്ഥനയുമാണ് ഇൗ സ്വപ്‌ന വിജയത്തിന് ചിറകുകൾ നൽകിയത്'. ഫുൾ എ പ്ലസ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, എന്നാൽ ഉമ്മയും വാപ്പയും എന്റെ സാറും ടീച്ചറുമൊക്കെ ഉറച്ചുവിശ്വസിച്ചിരുന്നു. ഉയർ‌ന്ന വിജയമെന്നതിനപ്പുറം അവരുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ സാധിച്ചത് തന്നെ വലിയ കാര്യമാണ് - വസീല പറഞ്ഞു. കോട്ടൺഹിൽ സ്‌കൂൾ വിദ്യാർത്ഥിയായ വസീല എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചതിന്റെ സന്തോഷത്തിലാണ്. മൂന്നുമാസം മുമ്പ് കോട്ടൺഹിൽ സ്‌കൂളിൽ നിന്നു സ്വകാര്യ ബസിൽ കയറുന്നതിനിടെ റോഡിൽ തെറിച്ചുവീണ് ഒടിഞ്ഞ കാലുകളുമായാണ് വസീല പരീക്ഷയെഴുതിയത്. ടൂർ പോകാനിരിക്കെയായിരുന്നു അപകടം. കൊച്ചുവേളി ബോട്ട് ക്ലബിന് സമീപം കരീം മൻസിലിൽ മുഹമ്മദ് ഷെരീഫ് - ഷംല ദമ്പതികളുടെ മകളാണ് വസീല. പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഫാത്തിമ,​ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഷാഹിമ എന്നിവർ സഹോദരങ്ങളാണ്. ബാപ്പ ഷെരീഫിന്റെ ജ്യേഷ്ഠൻ സെയ്ഫുദീനാണ് പരീക്ഷകൾക്കെല്ലാം വസീലയെ സ്‌കൂളിലെത്തിച്ചത്. ഇന്നവൾക്ക് ക്രെച്ചസിൽ താങ്ങി നടക്കാനാവും, പക്ഷേ പടികളൊക്കെ കയറാൻ കുറച്ചുനാളുകൂടി കാത്തിരിക്കണം. ഇപ്പോഴും വസീലയുടെ കാലിലെ പൊട്ടലിന് ചികിത്സ തുടരുന്നുണ്ട്. അലക്‌സ് സാറും ശ്രീജ ടീച്ചറുമൊക്കെ കിട്ടുന്ന സമയത്ത് വീട്ടിലെത്തി പഠിപ്പിച്ചിരുന്നു. പിന്നെ കൂട്ടുകാരും സഹായിച്ചു. ഈ വിജയത്തിന് അവരോട് നന്ദി പറയുന്നു. തുടർ പഠനത്തിന് ബയോമാക്‌സ് ലഭിക്കണമെന്നാണ് ആഗ്രഹം. പഠനം കോട്ടൺഹിൽ സ്‌കൂളിലാണെങ്കിൽ ഇരട്ടി സന്തോഷമെന്നും വസീല പറഞ്ഞു

'' വളരെയധികം സന്തോഷമുണ്ട്. ടൂർ പോകാനിരിക്കെയായിരുന്നു അവൾക്ക് അപകടം സംഭവിച്ചത്. ഇപ്പോഴുള്ള പ്രതിസന്ധിയൊക്കെ കഴിയുമ്പോൾ അവളുടെ ആഗ്രഹം സാധിച്ച് കൊടുക്കണം.

മുഹമ്മദ് ഷെരീഫ്, വസീലയുടെ വാപ്പ