വെഞ്ഞാറമൂട്: നിർദ്ധന കുടുംബത്തിന് കോൺഗ്രസ് ഇടപെടലിൽ വൈദ്യുതിയും കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യവും ഒരുക്കി. വീട് വയറിംഗ് ചെയ്യാൻ കഴിയാത്തതിനാൽ വൈദ്യുതി ലഭിക്കാതെ ദുരിതത്തിലായ മുക്കുന്നൂർ കുഴിവിള പുത്തൻ വീട്ടിൽ ഇന്ദിരയുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമായത്. വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിനായി വീട് പൂർണമായി വയറിംഗ് ചെയ്ത് നൽകിയും ഓൺലൈൻ പഠനം വിദൂര സ്വപ്നമായിരുന്ന ഇന്ദിരയുടെ ചെറുമക്കൾക്ക് പഠന സൗകര്യമൊരുക്കിയുമാണ് കോൺഗ്രസ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി മാതൃകയായത്. കൂലിപ്പണി ചെയ്തു ജീവിക്കുന്ന ഇന്ദിരയും മകളും ചെറുമക്കളുമാണ് ഈ വീട്ടിൽ താമസം. കെ.പി.സി.സി നിർവാഹക സമിതി അംഗം രമണി പി. നായർ വീട്ടിലെത്തി ടിവിയും ഡിഷ് ആന്റിനയും കൈമാറി. മണ്ഡലം പ്രസിഡന്റ് അഡ്വ. വെഞ്ഞാറമൂട് സുധീറിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം കലാകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംബിക, ബിന്ദു, കോൺഗ്രസ് നേതാക്കളായ ചിറവിള രവി, രാമചന്ദ്രൻ, കുഴിവിള ഗോപി, നെല്ലനാട് ഹരി, രഞ്ജിത്ത് വലിയ കട്ടയ്ക്കൽ തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.