നെയ്യാറ്റിൻകര: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർ സുരക്ഷാ ബാങ്ക് ഒരുക്കി മാതൃകയായി.കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്വാസ് ലൈഫ് കെയർ ലിമിറ്റഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കൊവിഡ് സുരക്ഷാ ബാങ്കിന്റെ പ്രവർത്തനോദ്ഘാടനം സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു.സുരക്ഷാ ബാങ്ക് പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യമുള്ള എല്ലാ ജീവനക്കാർക്കും സൗജന്യമായി ഷുഗർ, ബി.പി പരിശോധനകൾ നടത്തും. ജീവനക്കാർ ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ, ഫേസ് ഷീൽഡ് എന്നിവ ബാങ്കിൽ നിന്ന് നൽകും.മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനായി വിദഗ്ദ്ധ ഡോക്ടർമാരുടെ ടെലി കൗൺസലിംഗും ജീവനക്കാർക്കായി ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ ബാങ്ക് കോ-ഓർഡിനേറ്റർ എസ്.എസ്.സജികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ഐ.ടി.യു ദേശീയ കൗൺസിലംഗം വി.കേശവൻകുട്ടി, എ.ടി.ഒ മുഹമ്മദ് ബഷീർ,ഡിപ്പോ എൻജിനിയർ എ.നൗഷാദ്ഖാൻ, നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു, എൻ.കെ.രഞ്ജിത്ത്, ജി. ജിജോ, എൻ.എസ്.വിനോദ് തുടങ്ങിയവർ പങ്കെടുത്തു. ട്രേഡ് യൂണിയൻ ഭേദമെന്യേ എല്ലാ ജീവനക്കാർക്കും സുരക്ഷാ ബാങ്കിൽ നിന്ന് കൊവിഡ്കാല സേവനങ്ങൾ ലഭ്യമാക്കുമെന്ന് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എസ്.എസ്.സാബു അറിയിച്ചു.
caption
കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്വാസ് ലൈഫ് കെയർ ലിമിറ്റഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കൊവിഡ് സുരക്ഷാ ബാങ്കിന്റെ പ്രവർത്തനോദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർനാഗപ്പൻ നിർവഹിക്കുന്നു