അഡിസ് അബെബ: എത്യോപ്യൻ ഗായകനും ആക്ടിവിസ്റ്റുമായ ഹചാലു ഹൻഡെസ വെടിയേറ്റ് മരിച്ചു. രാഷ്ട്രീയ വിപ്ലവ ഗാനങ്ങളിലൂടെ രാജ്യത്ത് ഏറെ സ്വീകാര്യത ലഭിച്ച വ്യക്തിയായിരുന്നു ഹൻഡെസ. 34 വയസായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഹൻഡെസയ്ക്ക് നേരെ മുമ്പ് വധഭീഷണികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
എത്യോപ്യയിലെ ഒറോമോ വംശജരുടെ അവകാശങ്ങളാണ് ഹൻഡെസയുടെ പാട്ടുകൾക്ക് പലപ്പോഴും ആധാരമായി മാറിയത്. മുൻ എത്യോപ്യൻ പ്രധാനമന്ത്രി ഹെയ്‌ലെമറിയം ഡെസലൈനെതിരെ നടന്ന പ്രതിഷേധ പരിപാടികളിലും ഹൻഡെസ സജീവമായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി എബിയ് അഹ്‌മദ്, ഹൻഡെസയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഹൻഡെസയുടെ മരണവാർത്തയറിഞ്ഞ് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന അഡിസ് അബെബയിലെ ആശുപത്രിയിലേക്ക് ആയിരക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. കണ്ണീർ വാതകം പ്രയോഗിച്ചാണ് നിയന്ത്രണങ്ങൾ ലംഘിച്ച ആരാധകരെ പൊലീസ് ഒഴിപ്പിച്ചത്. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറാൻ സാദ്ധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേധിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.