mayor

ഹ്യൂസ്റ്റൺ: സ്റ്റാഫ്‌ഫോർഡ് എന്ന ചെറിയ നഗരത്തെ അമേരിക്കയിലെ അറിയപ്പെടുന്ന നഗരമാക്കി മാറ്റി മലയാളികളുടെ മനം കവർന്ന മേയർ ലിയനാർഡ് സ്‌കാർസെല്ല അന്തരിച്ചു. 79 വയസായിരുന്നു. മൂന്നാഴ്ചകൾ കൂടി കഴിഞ്ഞാൽ അദ്ദേഹത്തിന്റെ 80 വയസ് ആഘോഷിക്കാനിരിക്കുകയായിരുന്നു ബന്ധുക്കൾ. 50 വർഷത്തിലധികമായി സ്റ്റാഫ്‌ഫോർഡ് മേയറാണ്. കുറച്ചു നാളായി രോഗബാധിതനായിരുന്നെങ്കിലും മേയറുടെ ചുമതല ഭംഗിയായി നിർവ്വഹിച്ചിരുന്നു സ്‌കാർസെല്ല.

അമേരിക്കയിൽ ഏറ്റവും കൂടുതൽ വർഷം മേയറായിരുന്നതിൻെറ കീർത്തിയും ഇദ്ദേഹത്തിനാണ്. സ്റ്റാഫ്‌ഫോർഡ് മലയാളികളുടെ മത സാംസ്‌കാരിക വാണിജ്യകേന്ദ്രമായി മാറിയതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ കരങ്ങൾ വഹിച്ച പങ്ക് വലുതാണ്. സംസ്ഥാനത്തെ ഏക മുനിസിപ്പൽ സ്‌കൂൾ ഡിസ്ട്രിക്ട്, സിറ്റി പ്രോപ്പർട്ടി ടാക്സ് ഇല്ലാത്ത വലിയ സിറ്റി, പസിഫിക് റെയിൽ റോഡ് ഇടനാഴി, സ്റ്റാഫ്‌ഫോർഡ് സെന്റർ സാംസ്‌കാരിക സമുച്ചയം, കൺവെൻഷൻ സെന്റർ, ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് എക്സ്റ്റൻഷൻ അങ്ങനെ പോകുന്നു അദ്ദേഹത്തിൻെറ നേട്ടങ്ങൾ. സ്റ്റാഫ്‌ഫോഡിൽ ജനിച്ചു വളർന്ന ഇറ്റാലിയൻ വംശജനായ സ്‌കാർസെല്ല അഭിഭാഷകനുമായിരുന്നു.