പാലോട്: നന്ദിയോട് ജംഗ്ഷനിലെ സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരക ലാമ്പ് പുനരുദ്ധാരണം അജൻഡയിൽപ്പെടുത്തി നടപടിയെടുക്കണം എന്ന ആവശ്യം ഭരണപക്ഷം നിരസിച്ചതിനെ തുടർന്നുണ്ടായ ബഹളം നന്ദിയോട് പഞ്ചായത്ത് കമ്മിറ്റിയിൽ കയ്യാങ്കളിയിൽ അവസാനിച്ചു.1995ലെ യു.ഡി.എഫ് ഭരണസമിതിയാണ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സ്വാതന്ത്ര്യത്തിന്റെ അൻപതാം വർഷത്തോടനുബന്ധിച്ച് സ്മൃതി വിളക്ക് സ്ഥാപിച്ചത്. കുറച്ചു നാൾ മുൻപ് ലോറി തട്ടി കേട് സംഭവിച്ചപ്പോൾ അയ്യായിരം രൂപ പിഴയായി ലോറി ഉടമയിൽ നിന്നു പഞ്ചായത്ത് ഈടാക്കിയിരുന്നു.എന്നിട്ടും പുനരുദ്ധാരണം നടത്താത്തതിനാലാണ് കോൺഗ്രസ് മെമ്പർമാർ ഈ ആവശ്യം അജൻഡയിൽപ്പെടുത്തി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസും പോഷക സംഘടനകളും ശക്തമായ സമരത്തിലാണ്. ഇന്നത്തെ യോഗത്തിൽ പുനരുദ്ധാരണവുമായ ഒരു തീരുമാനവും സാദ്ധ്യമല്ല എന്ന ഭരണകക്ഷിയുടെ ഇടപെടലാണ് പ്രശ്നങ്ങൾക്ക് കാരണമായത്. തുടർന്ന് കോൺഗ്രസ് അംഗങ്ങളായ പച്ച രവി, പി.രാജീവൻ, ജി.ബിന്ദു, സിഗ്നി എന്നിവർ പ്രസിഡന്റിനെ ഉപരോധിച്ചു. ബഹളം തുടർന്നപ്പോൾ യോഗം പിരിച്ചുവിട്ടു. അതേ തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബഹളം മൂത്ത് കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. പി.ഡബ്ലിയു.ഡി യുമായി ആലോചിച്ച് സ്മൃതി ലാമ്പ് സംരക്ഷിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് അറിയിച്ചു.