തിരുവനന്തപുരം: കൊവിഡിനെ തോൽപ്പിച്ച് പരീക്ഷയെഴുതി മികച്ച വിജയം നേടി ജില്ലയിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ. 98.94 ശതമാനം വിജയമാണ് തലസ്ഥാനം നേടിയത്. മുൻപെങ്ങുമില്ലാത്ത ആശങ്കയിലും അനിശ്ചിതത്വത്തിനിടയിലും പരീക്ഷയെഴുതിയ 34,689 പേരിൽ 34,332 പേർ ഉന്നതപഠനത്തിനുള്ള അർഹത നേടി. ഇതിൽ 17,378 പേർ ആൺകുട്ടികളും 16,944 പേർ പെൺകുട്ടികളുമാണ്. 3729 പേരാണ് ജില്ലയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ വിദ്യാർത്ഥികൾ ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 148 സ്കൂളുകൾ നൂറുമേനി വിജയം സ്വന്തമാക്കി.

സർക്കാർ സ്‌കൂളുകളിൽ 64 ഉം എയ്ഡഡിൽ 44 ഉം അൺഎയ്ഡഡിൽ 40 ഉം സ്‌കൂളുമാണ് നൂറുമേനി വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം 97.96 ആയിരുന്നു ജില്ലയിലെ വിജയശതമാനം. ജില്ലയിലെ ഏറ്റവും അധികം എ പ്ലസ് ലഭിച്ചിരിക്കുന്ന വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലാണ്.1564 വിദ്യാർത്ഥികൾക്കാണ് ഇവിടെ എ പ്ലസ് കിട്ടിയത്. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 1026 ഉം, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 1139 പേർക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

 വിജയമാവർത്തിച്ച് പട്ടം സെന്റ് മേരീസ്

ഇക്കുറിയും ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയത് പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് ആണ്. 1785 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ ഒരു വിദ്യാർത്ഥിയൊഴിച്ച് ബാക്കിയെല്ലാം വിജയിച്ചു. 99.94 ആണ് സ്കൂളിന്റെ വിജയശതമാനം. 55 ഭിന്നശേഷി വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയം നേടി.

ഏറ്റവും കുറവ് വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയത് ഫോർട്ട് ഗവ. സംസ്‌കൃതം എച്ച്.എസാണ്.

 ജില്ലയിലെ വിജയം (വിദ്യാഭ്യാസ ജില്ല, പരീക്ഷ എഴുതിയവർ, വിജയിച്ചവർ, എല്ലാവിഷയങ്ങൾക്കും എപ്ലസ് നേടിയവർ എന്ന ക്രമത്തിൽ)
നെയ്യാറ്റിൻകര - 10879, 10808, 1139

തിരുവനന്തപുരം - 10828, 10730, 1026

ആറ്റിങ്ങൽ -12982, 12784, 1564