chennithala

തിരുവനന്തപുരം: പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ ഇ-മൊബിലിറ്റിയെപ്പറ്റി പരിശോധിക്കാനുള്ള കൺസൾട്ടൻസിയായി നിയമിച്ചത് സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഹെസ് എന്ന കമ്പനിയെ വഴിവിട്ട് സഹായിക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2018 നവംബർ മുതൽ ഈ കമ്പനിയുമായി വിവിധ തലങ്ങളിൽ സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താനുന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയ മറുപടി ജനങ്ങളെ വിഡ്ഢികളാക്കാനാണ്. ഹെസുമായി കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് നേരിട്ട് സംയുക്തസംരംഭത്തിന് ധാരണാപത്രം ഒപ്പിടാനുള്ള നീക്കം പൊളിഞ്ഞത് വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസും ധനമന്ത്രിയുടെ അനുവാദത്തോടെ ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയും എതിർത്തതിനാലാണ്.

സെബിയുടെ നിരോധനമുള്ള കമ്പനിയാണ് പ്രൈസ് വാട്ടർ ഹൗസ് ഇന്ത്യ.

നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഒരന്താരാഷ്ട്ര കമ്പനി പല പേരുകൾ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിരോധനം ഫലപ്രദമാകണമെങ്കിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ നെറ്റ്‌വർക്കിനെ നിരോധിക്കണമെന്നുമാണ് സെബിയുടെ ഉത്തരവിൽ. അത് വായിച്ച് നോക്കാതെ ജനത്തെ കബളിപ്പിക്കാനാണ് നിരോധനം വേറെ കമ്പനിക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ടെൻഡറില്ലാതെ കരാറിലേർപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിൽ പ്രതിപക്ഷനേതാവെന്ന നിലയിൽ ദയവായി തനിക്ക് പകർപ്പ് നൽകണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തണം.

കെ.പി.എം.ജി: ആരോപണങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ല

റീബിൽഡ് കേരളയുടെ കൺസൾട്ടൻസി കരാർ നേടിയ കെ.പി.എം.ജിയെക്കുറിച്ച് താനുന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ലെന്നു ചെന്നിത്തല പറഞ്ഞു. ആ കമ്പനിക്ക് കരാർ നൽകിയത് അഴിമതിക്കാണെന്നതിൽ ഉറച്ചുനിൽക്കുന്നു. സീതാറാം യെച്ചൂരി വരെ അവർക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്.