
തിരുവനന്തപുരം: ഇക്കൊല്ലം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ക്യൂ. ആർ കോഡും ഉൾപ്പെടുത്തുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാവിയിൽ തൊഴിൽ ദാതാക്കൾക്കും പാസ്പോർട്ട് ഓഫീസ് അധികൃതർക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കും ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആധികാരികത ഉറപ്പാക്കാം.
2018, 2019 വര്‍ഷങ്ങളില്‍ വിജയിച്ചവരുടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ ലഭ്യമാണ്. 2020-ലെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സേ പരീക്ഷയുടെ ഫലപ്രഖ്യാപനവും കഴിഞ്ഞ് ലഭ്യമാക്കും.
പ്ലസ് വൺ പ്രവേശനം
ഓൺലൈനായി
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഓൺലൈനായി പൂർത്തിയാക്കും. അഡ്‌മിഷനായി കുട്ടികൾ സ്കൂളിലെത്തേണ്ടതില്ല. കൊവിഡ് ഭീഷണി നീണ്ടാൽ പ്ലസ് വൺ ക്ലാസുകളും ഓൺലൈനായി നടത്തും. ഓൺലൈനായാണ് പഠനമെങ്കിലും സ്കൂൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ എത്തിക്കും. തിരുവനന്തപുരം, വയനാട്, മലപ്പുറം ജില്ലകളിൽ വിതരണം പൂർത്തിയായി. മറ്റ് ജില്ലകളിലും ഉടൻ പുസ്തകമെത്തിക്കും.