കെയ്റോ : ഈജിപ്ഷ്യൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴ് കൊവിഡ് 19 രോഗികൾ മരിച്ചു. വടക്കൻ ഈജിപ്റ്റിലെ അലക്സാണ്ട്രിയ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൊറോണ വൈറസ് വാർഡിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ആറ് പേർ പുരുഷൻമാരും ഒരാൾ സ്ത്രീയുമാണ്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാർഡിലെ എയർ കണ്ടീഷനറിൽ നിന്നാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്. എയർ കണ്ടീഷനർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നഴ്സുമാർ ഉൾപ്പെടെയുള്ളവർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വൻ തോതിൽ വ്യാപിക്കുകയായിരുന്നു. ഇതിനകം തന്നെ വാർഡിൽ കടുത്ത പുക നിറഞ്ഞിരുന്നു. തീയിൽ നിന്നും രക്ഷപ്പെട്ട ഒരു രോഗിയുടെ നില ഗുരുതരമാണ്. വാർഡിലുണ്ടായിരുന്ന മറ്റ് രോഗികൾ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ മറ്റു ഭാഗങ്ങളിലേക്ക് തീ പടർന്നില്ല. സമാന രീതിയിൽ തന്നെ രാജ്യ തലസ്ഥാനമായ കെയ്റോയിലും കഴിഞ്ഞ മാസം കൊറോണ രോഗികളുടെ വാർഡിൽ തീപിടിത്തം ഉണ്ടായിരുന്നു. നിലവിൽ 66,754 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 2,872 പേർ മരിച്ചു.