പാറശാല: തമിഴ്നാട്ടിൽ കൊവിഡ് വ്യാപിക്കുന്നത് അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. കടലോര അതിർത്തി മേഖലയായ കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ മുതൽ മലയോര അതിർത്തി മേഖലയായ അമ്പൂരി പഞ്ചായത്തിലെ ശൂരവക്കാണി വരെയുള്ള ഭാഗങ്ങളിലെ ജനങ്ങളാണ് ആശങ്കയിലായത്. കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ലോക്ക് ഡൗൺ ജൂലായ് 31വരെ നീട്ടിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് പാറശാല പഞ്ചായത്തിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തീരദേശ അതിർത്തിക്കപ്പുറത്ത് തൂത്തൂരിലും നീരോടിയിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പടന്താലുംമൂടിൽ ഒരു സ്ത്രീക്കും ചെമ്മാംവിളയിൽ ആരോഗ്യ പ്രവർത്തകയ്‌ക്കും രോഗം സ്ഥിരീകരിച്ചതും ജനങ്ങളെ ആശങ്കയിലാക്കുന്നു. നിലവിൽ ഇഞ്ചിവിള ചെക്പോസ്റ്റിലൂടെയാണ് തമിഴ്‌നാട്ടിൽ നിന്നുള്ളവരെ കേരളത്തിലേക്ക് ഇ പാസ് വഴി കടത്തിവിടുന്നത്. എന്നാൽ തൊഴിൽതേടിയും ചികിത്സയ്‌ക്കും കച്ചവടത്തിനുമായി നിരവധി പേരാണ് തമിഴ്നാട്ടിൽ നിന്നുള്ള ഇടറോഡുകളിലൂടെ കേരളത്തിലെത്തുന്നത്. റോഡിന്റെ ഇരുവശങ്ങളിലായി അതിർത്തി പങ്കിടുന്ന ചെറുവാരക്കോണം, കോഴിവിള, ഊരമ്പ്, പളുകൽ, കന്നുമാമൂട് എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ പാലിക്കാതെ നിരവധി പേർ എത്തുന്നുണ്ട്. ഈ മേഖലകളിൽ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.