pocso-case

തിരുവനന്തപുരം: പോക്സോ, ബലാത്സംഗ കേസുകൾ വേഗത്തിൽ വിചാരണ ചെയ്ത് തീർപ്പാക്കാനായി സംസ്ഥാനത്ത് ആരംഭിച്ച 17 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ചേർന്ന് ഓൺലൈനായി നിർവഹിച്ചു. കോടതികളുടെ പ്രവർത്തനം ഇന്ന് ആരംഭിക്കും.

പോക്‌സോ കേസുകളും ബലാത്സംഗ കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 പ്രത്യേക കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചതിലെ 17 എണ്ണമാണ് ഇപ്പോൾ തുടങ്ങുന്നത്. മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 7600 പോക്‌സോ കേസുകളും 6700 ബലാൽസംഗ കേസുകളും നിലവിലുണ്ട്.

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിന്റെ 117 ടീമുകൾ പങ്കെടുത്ത റെയ്ഡിൽ ഡോക്ടറുൾപ്പെടെ 89 പേരാണ് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായത്. ഓപ്പറേഷൻ പി ഹണ്ടിലൂടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. ഇന്റർപോളിന്റെ സഹായവും തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ മന്ത്രിമാരായ എ.കെ. ബാലൻ, കെ.കെ. ശൈലജ, ഹൈക്കോടതി ജഡ്ജിമാരായ സി.ടി. രവികുമാർ, എ.എം. ഷെഫീഖ്, കെ. വിനോദ് ചന്ദ്രൻ, എ. ഹരിപ്രസാദ്, അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി അരവിന്ദ് ബാബു, ആഭ്യന്ത അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവർ പങ്കെടുത്തു.