തിരുവനന്തപുരം: പഠനത്തിൽ 'നോ കോംപ്രമൈസ്' എന്നായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങിയതുമുതൽ ശ്രീചിത്ര പുവർ ഹോമിലെ വിദ്യാർത്ഥികളുടെ നയം. റിസൽറ്റ് വന്നപ്പോൾ ആരും നിരാശപ്പെടുത്തിയില്ല. പരീക്ഷ എഴുതിയ 17 വിദ്യാർത്ഥികളിൽ 17 പേരും മികച്ച വിജയം തന്നെ സ്വന്തമാക്കി. 100 ശതമാനം വിജയമാണ് ഇക്കുറി സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ശ്രീചിത്ര ഹോമിലെ 14 പെൺകുട്ടികളും 3 ആൺകുട്ടികളുമടങ്ങുന്ന സംഘം നേടിയത്. പിള്ളേർ പഠിക്കുന്നില്ലേയെന്ന് അന്വേഷിച്ച് ഒപ്പമുണ്ടായിരുന്ന സൂപ്രണ്ട് കെ.കെ. ഉഷയുടെയും ജീവനക്കാരുടെയും കൂടി വിജയമാണിത്. ഫോർട്ട് ഗേൾസ് മിഷൻ, ഫോർട്ട് ബോയ്സ് സ്‌കൂൾ, എസ്.എം.വി സ്‌കൂൾ എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ പഠിച്ചത്. ഇവരുടെ വിജയത്തിൽ അദ്ധ്യാപകരും സന്തോഷത്തിലാണ്. വിജയികളെ അഭിനന്ദിക്കാൻ മേയ‌ർ കെ. ശ്രീകുമാർ ശ്രീചിത്ര ഹോമിലെത്തിയിരുന്നു. മധുര വിതരണം നടത്തി വിദ്യാർത്ഥികളെ അഭിനന്ദിച്ച ശേഷമാണ് മേയർ മടങ്ങിയത്. ഇവിടെ ഓൺലൈൻ പഠന സൗകര്യങ്ങൾക്ക് കുറവുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് മേയറുടെ നേതൃത്വത്തിൽ നേരത്തെ സ്മാർട് ടി.വികൾ നൽകിയിരുന്നു.