arrest

കോട്ടയം: ഗാർഹിക പീഡനത്തെ തുടർന്ന് നീണ്ടൂരിൽ വീട്ടമ്മ കുഞ്ഞുമായി കുളത്തിൽ ചാടിമരിച്ച സംഭവത്തിൽ ഭർത്താവ് ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിനെ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനവും സ്ത്രീധന പീഡന നിരോധന നിയമവും ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്.
ഈ മാസം ഒമ്പതിനാണ് ചന്ദ്രബാബുവുമായി വഴക്കിട്ട ഭാര്യ രഞ്ജി (36)​,​ മകൻ ശ്രീനന്ദുമായി (4)​ വീടുവിട്ടത്. പിറ്റേന്ന് ഉച്ചയോടെ ഇരുവരുടെയും മൃതദേഹം വീടിനു സമീപത്തെ അംഗൻവാടിയുടെ കുളത്തിൽ കണ്ടെത്തി. തലേ ദിവസം ചന്ദ്രബാബുവും ഭാര്യയും തമ്മിൽ വാക്ക് തർക്കം ഉണ്ടായതായി ബന്ധുക്കളും അയൽവാസികളും , മകളെ ചന്ദ്രബാബു മാനസികമായി പീഡിപ്പിച്ചിരുന്നതായി രഞ്ജിയുടെ മാതാപിതാക്കളും പൊലീസിനു മൊഴി നൽകിയിരുന്നു.
11 വർഷം മുൻപാണ് ചന്ദ്രബാബുവും രഞ്ജിയും വിവാഹിതരായത്. അന്നു മുതൽ തന്നെ രഞ്ജിയോടു മോശമായാണ് ചന്ദ്രബാബു പെരുമാറിയിരുന്നതെന്നാണ് ബന്ധുക്കളുടെ പരാതി. തുടർന്നാണ് ഇവർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ ചന്ദ്രബാബുവിനെ റിമാൻഡ് ചെയ്തു.