ganga

*ബധിരയായ ആദിവാസി പെൺകുട്ടിക്ക് എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ്

തിരുവനന്തപുരം: ജനിച്ചപ്പോൾ മുതൽ കേൾവി പിണങ്ങി നിന്നതാണ് ഗംഗയെന്ന പാവം ആദിവാസി ;പെൺകുട്ടിയുടെ ജീവിതത്തിൽ. ചുറ്റുമുള്ളതൊന്നും കേൾക്കാനാവില്ല.പറയാനും.. എങ്കിലും പഠിക്കാനുള്ള അവളുടെ ഉത്സാഹത്തിന് മുന്നിൽ ദരിദ്ര മാതാപിതാക്കൾ കീഴടങ്ങി., ഒടുവിൽ വിധിയും . ആ ഉൾക്കരുത്തിന് നൂറ് മേനിയുടെ വിജയത്തിളക്കം. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗംഗ , സ്വന്തം ഊരിന്റെയാകെ അഭിമാനമായി.ഒപ്പം,തിരുവനന്തപുരം ജഗതി ബധിര മൂക വിദ്യാലയത്തിന്റെയും .

കുളത്തൂപ്പുഴ ചോഴിയക്കോട് കോളനിയിൽ കൂലിപ്പണിക്കാരായ രതീഷ് കുമാറിന്റെയും സിഞ്ചുവിന്റെയും മകളാണ് ഗംഗ .അഞ്ചാം ക്ലാസിലാണ് ജഗതി ബധിര മൂക വിദ്യാലയത്തിലെത്തിയത്. പഠിപ്പിച്ചതൊക്കെയും മിടുക്കിയായി പഠിച്ചു. മകൾക്ക് കരുതലായി , പട്ടിണി ഭക്ഷിച്ചും മാതാപിതാക്കൾ ഒപ്പം നിന്നു..കൊവിഡ് മൂലം മാറ്റിവച്ച പരീക്ഷകളെഴുതാൻ മകളെ സ്കൂളിലെത്തിച്ചത് കടം വാങ്ങിയ പണം നൽകി ഒാട്ടോ റിക്ഷയിൽ. അവരുടെ കണ്ണീരിന് ഇനി

ആനന്ദത്തിന്റെയും ഉപ്പ് രസം. പഠനത്തിൽ ഊർജസ്വലയായ ഗംഗ, തയ്യലിലും ചിത്രരചനയിലുമൊക്കെ മിടുക്കിയാണെന്ന് ക്ലാസ് ടീച്ചർ ഐഡ സാക്ഷ്യപ്പെടുത്തുന്നു .പ്ലസ് ടുവിന് ശേഷം ഫാഷൻ ഡിസൈനറാവാനാണ് അവളുടെ മോഹം.

ജഗതി ബധിര മൂക വിദ്യാലയത്തിൽ നിന്ന് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത് ഏഴ് പേർ. നാല് പേർ എസ്.എസ്.എൽ.സിയും മൂന്ന് പേർ ടി.എച്ച്.എസ്.എൽ.സിയും. അവരിലൂടെ സ്കൂളിനും വിജയം നൂറ് മേനി.