photo

നെടുമങ്ങാട് : എസ്.എസ്.എൽ.സി പരീക്ഷയിൽ മലയോര മേഖലയിലെ പൊതുവിദ്യാലയങ്ങൾക്ക് തിളക്കമാർന്ന നേട്ടം. താലൂക്കിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയ്ക്കിരുന്ന 332 വിദ്യാർത്ഥിനികളും വിജയിച്ചു. 47 പേർ എല്ലാ വിഷയത്തിനും എപ്ലസ് നേടി. 22 കുട്ടികൾ ഒമ്പത് എപ്ലസ് വീതവും നേടി. വിജയികളെ പി.ടി.എ പ്രസിഡന്റ് പേരയം ജയന്റെ നേതൃത്വത്തിൽ വീടുകളിലെത്തി അഭിനന്ദിച്ചു. നഗരസഭയിലെ പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളും നൂറുമേനി തിളക്കത്തിലാണ്. പരീക്ഷ എഴുതിയ 70 വിദ്യാർത്ഥികളും വിജയിച്ചു. അനശ്വര എ.എസ് നായർ, അർഷ എസ്.എസ്, ആതിര ബി.ആർ, ഹരിശങ്കർ ആർ. എസ്, അഭിരാം.യു. എ എന്നീ വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. 2 പേർക്ക് 9 എ പ്ലസും, 4 പേർക്ക് 7എ പ്ലസുമുണ്ട്. അദ്ധ്യായന വർഷത്തിന്റെ തുടക്കം മുതൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് വിജയത്തിന്റെ പിന്നിലെന്ന് പി.ടി.എ പ്രസിഡന്റ്‌ എസ്.എസ് ബിജു പറഞ്ഞു. കരിപ്പൂര് ഗവ.ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 101 വിദ്യാർത്ഥികളിൽ 100 പേരും വിജയിച്ചു. 9 പേർ എല്ലാ വിഷയത്തിനും എ പ്ളസ് കരസ്ഥമാക്കി. 2 പേർ 9 എപ്ലസ് വീതം നേടി. മഞ്ച ഗവ. ബോയ്സ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 27 വിദ്യാർത്ഥികളും വിജയിച്ചു. നഗരസഭയിലെ സർക്കാർ സ്കൂളുകളിലെ മിന്നും വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ്‌കുമാറും അനുമോദിച്ചു.

30 എപ്ലസുമായി ദർശന സ്കൂൾ

നെടുമങ്ങാട് : നെടുമങ്ങാട് ദർശന ഇംഗ്ളീഷ് മീഡിയം സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 191 വിദ്യാർത്ഥികളും വിജയിച്ചു. 34 വർഷമായി നൂറുമേനി വിജയം നിലനിറുത്തുന്ന സ്കൂളിൽ ഇത്തവണ 30 പേർ എല്ലാ വിഷയത്തിനും എപ്ലസ് കരസ്ഥമാക്കി. സ്കൂൾ മാനേജർ ദർശന ജി.ശശിധരൻ നായർ, പ്രിൻസിപ്പൽ മോഹനകുമാരിയമ്മ, ഹെഡ്മിസ്ട്രസ് എസ്.എം. രാകേന്ദു എന്നിവർ വിജയികളെ അനുമോദിച്ചു.