പേരൂർക്കട: മുംബയിൽ ടയർ വർക്‌ഷോപ്പ് നടത്തിവരികയായിരുന്ന തങ്കപ്പന്റെ മരണം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ശാരീരിക അവശതകളെ തുടർന്നാണ് ഇദ്ദേഹം ജോലിസ്ഥലത്തുനിന്ന് നാട്ടിലേക്കു മടങ്ങിയത്. ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നതിന് വിമാനത്താവളത്തിൽ ഭാര്യയും മകനും എത്തിയിരുന്നെങ്കിലും ദൂരെനിന്ന് കാണാൻ മാത്രമാണ് സാധിച്ചതെന്നും യാതൊരുവിധ സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ അറിയിച്ചു. സാധാരണ കൊവിഡ് രോഗികളുടെ റൂട്ട് മാപ്പ് സങ്കീർണമാകാറുണ്ട്. എന്നാൽ മരണപ്പെട്ടയാൾ ആരുമായും ബന്ധം പുലർത്താത്തതിനാൽ ആശങ്ക വേണ്ടെന്ന് നഗരസഭ നെട്ടയം ആരോഗ്യവിഭാഗം അധികൃതർ വ്യക്തമാക്കി. തങ്കപ്പന്റെ മരണത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് പറഞ്ഞു. ശ്വാസകോശ സംബന്ധമായ പ്രശ്‌നമാണ് തങ്കപ്പനെ ബാധിച്ചിരുന്നത്. ഇദ്ദേഹം വിമാനത്താവളത്തിൽ ഇറങ്ങിയെങ്കിലും ആരുമായും സമ്പർക്കം പുലർത്തിയിരുന്നില്ല. വിമാനമിറങ്ങിയ ഉടൻ കുഴഞ്ഞുവീണ ഇയാളെ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് റൂട്ട് മാപ്പ് ഉണ്ടാകില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. തങ്കപ്പൻ മുംബയിൽ നിന്ന് വിമാനമാർഗം എത്തിച്ച ലഗേജുകളും മറ്റും അണുവിമുക്തമാക്കുന്ന നടപടി ഉടൻ ഉണ്ടാകുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. വിമാനത്തിൽ കൊണ്ടുവന്ന സാധന സാമഗ്രികൾ കാറിലാണ് നെട്ടയത്തെ വീട്ടിലെത്തിച്ചത്. എന്നാൽ ഇത് വാഹനത്തിൽത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. അതിനുശേഷം കാർ ഉപയോഗിച്ചിട്ടില്ല.