തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിൽ ടൂറിസം വകുപ്പിന്റെ മിനി ട്രെയിൻ പദ്ധതിക്കായി കൊണ്ടുവന്ന ബോഗികൾ ഇറക്കുന്നത് സംബന്ധിച്ച് യൂണിയനും ബോഗികൾ കൊണ്ടുവന്ന കമ്പനിയും തമ്മിലുണ്ടായ തർക്കം പരിഹരിച്ചു. ഇന്നലെ രാവിലെ തന്നെ കമ്പനി അധികൃതർ ക്രെയിൻ ഉപയോഗിച്ച് ബോഗികൾ ഇറക്കി. ജില്ലാ ലേബർ ഓഫീസറുടെ ഇടപെടലിനെത്തുടർന്നാണ് കൂലി തർക്കം അവസാനിപ്പിച്ചത്.
ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ തൊഴിലാളി യൂണിയനുകളാണ് എതിർപ്പുമായി രംഗത്തെത്തിയത്. തൊഴിലാളികൾ നേരിട്ടല്ല, ക്രെയിൻ ഉപയോഗിച്ചാണ് ബോഗികൾ ഇറക്കുന്നത്. അതിനാൽ കൂലി നൽകാനാവില്ലെന്നായിരുന്നു കരാറുകാരുടെ നിലപാട്. ബോഗികൾ ഇറക്കുന്നത് ഈ മേഖലയിൽ തൊഴിൽ നൈപുണ്യമുള്ളവരായിരിക്കണം. സ്കിൽഡ് ലേബർ കാർഡ് ഇതിനായി തൊഴിലാളികൾക്ക് വേണ്ടതാണ്. എന്നാൽ യൂണിയനിലുള്ള തൊഴിലാളികൾക്കാർക്കും ഈ കാർഡ് കൈവശമില്ലാത്തതിനാൽ ഇറക്കാൻ സാധിക്കില്ലെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. അതോടെ തൊഴിലാളികൾ പിൻവാങ്ങുകയായിരുന്നു. വലിയതുറ പൊലീസും സ്ഥലത്തുണ്ടായിരുന്നു. ടൂറിസം വകുപ്പ് 9 കോടി രൂപ മുതൽമുടക്കി നടപ്പാക്കുന്നതാണ് മിനി ട്രെയിൻ പദ്ധതി.