തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ നിശ്ചിത ഇടവേളകളിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ വഴിത്തിരിവ്. ഒടുവിൽ മരിച്ച ജയമാധവൻ നായരെ (63) അബോധാവസ്ഥയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും പിന്നീട് ഇൻക്വസ്റ്റ് നടക്കുമ്പോഴുമെല്ലാം ചില ക്രിമിനൽ സംഘങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
ഇൻക്വസ്റ്റ് നടക്കുമ്പോൾ എടുത്ത ജനക്കൂട്ടത്തിന്റെ ഫോട്ടോകളിലാണ് ചില ക്രിമിനൽ കേസ് പ്രതികളെ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും പ്രതികളുടെ സാന്നിദ്ധ്യം കണ്ടെത്തി. എന്നാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. തലയിലെ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. ജയമാധവൻ നായരുടെ മരണകാരണമായ തലയിലെ പരിക്ക് സ്വാഭാവികമായ വീഴ്ചയിൽ ഉണ്ടായതാണോ അല്ലയോ എന്നു പരിശോധിക്കുന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. 2017 ഏപ്രിൽ രണ്ടിന് കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കണ്ടെന്നും ആട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമാണ് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി. വീട്ടുജോലിക്കാരി ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ആട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻ നായരും കരമന പൊലീസ് സ്റ്റേഷനിലെത്തി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ആട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ആട്ടോ വിളിച്ച് വീട്ടിൽ പോകാൻ രവീന്ദ്രൻ നായർ ആവശ്യപ്പെട്ടതായാണ് ലീല പറഞ്ഞത്. ഈ മൊഴികളിലെ വൈരുദ്ധ്യവും സംശയമുണ്ടാക്കുന്നുണ്ട്.
ആട്ടോ ഡ്രൈവർ മൊഴി മാറ്റി
ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ആട്ടോഡ്രൈവർ പിന്നീട് മൊഴി മാറ്റിയിരുന്നു. ആശുപത്രിയിൽ പോയിട്ടില്ലെന്നും 5ലക്ഷം രൂപ രവീന്ദ്രൻ നായർ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. വീഡിയോയിൽ റെക്കാഡ് ചെയ്ത ഈ മൊഴി ആദ്യ അന്വേഷണസംഘം പരിശോധിച്ചില്ല. അടുത്ത വീട്ടിലെ ആട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്ക് ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു.
ഈ ആട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ആട്ടോ വിളിച്ച് ജയമാധവൻ നായരെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരി പ്രസന്നകുമാരിഅമ്മയും മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങൾ അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. 'കൂടത്തിൽ' തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്ഠൻമാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവൻ, ഉണ്ണിക്കൃഷ്ണൻനായർ എന്നിവരാണ് നിശ്ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നഗരത്തിൽ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണു കുടുംബത്തിനുള്ളത്.