തിരുവനന്തപുരം: ജോസ് പക്ഷത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യത്തെ മുന്നണി യോഗം ഇന്ന് ചേരാനിരിക്കെ, കടുത്ത സമീപനത്തിൽ അയവ് വരുത്തി യു.ഡി.എഫ് നേതാക്കൾ.ഉച്ച തിരിഞ്ഞ് മൂന്നിന് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം.
ജോസ് വിഭാഗത്തിന്റെ തുടർനീക്കങ്ങളറിയാൻ കാത്തിരിക്കുകയാണ് സി.പി.എം. നേരത്തേ കെ.എം. മാണിക്കെതിരെ കടുത്ത നിലപാടിലായിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ മൃദുവായാണ് പ്രതികരിച്ചത്. ജോസ് നിലപാട് പറയട്ടെ എന്ന നിലയിലേക്ക് സി.പി.ഐ എത്തി. നിലപാടില്ലാത്തവരല്ല ജോസ് വിഭാഗമെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം ഇടതുമുന്നണിയുടെ മനോഭാവത്തിന്റെ സൂചനയാണ്. പാലായിലെ എം.എൽ.എയായ എൻ.സി.പിയുടെ മാണി സി കാപ്പൻ ഇന്നലെ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.
ജോസ് വിഭാഗത്തെ പാടേ തള്ളിയിട്ടില്ലെന്ന സൂചനയാണ് ഇന്നലെ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നൽകിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാൽ തിരിച്ചുവരാമെന്നാണ് സൂചിപ്പിച്ചത്. അനുനയനീക്കത്തിന് മുസ്ലിംലീഗ് ശ്രമിച്ചേക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഉടൻ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ജോസഫ് വിഭാഗത്തിന് അനുമതി നൽകാൻ സാധ്യതയില്ല. ഇന്നത്തെ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ജോസഫിന്റെ നിലപാടും നിർണ്ണായകമാണ്.
ജോസ് വിഭാഗത്തെ മാറ്റി നിറുത്തുന്നുവെന്നാണ് കൺവീനർ ബെന്നി ബെഹനാൻ അറിയിച്ചത്. പക്ഷേ, പുറത്താക്കുന്ന തരത്തിലായിപ്പോയി പ്രഖ്യാപനമെന്ന ചിന്ത മുന്നണി നേതാക്കൾക്കുണ്ട്. നടപടി ഘടകകക്ഷികളെ ഫോണിലൂടെ അറിയിച്ചെങ്കിലും മുന്നണിയിൽ ഔപചാരിക ചർച്ച നടത്തിയിരുന്നില്ല.
ജോസിന്റെയും മറ്റ് നേതാക്കളുടെയും വൈകാരിക പ്രതികരണം സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമായി വിലയിരുത്തുന്നുണ്ട്.
തദ്ദേശതിരഞ്ഞെടുപ്പ് വരെ സ്വതന്ത്രമായി നിൽക്കാനുള്ള അവരുടെ തീരുമാനം അണികളെയും നേതാക്കളെയും കൂടെ നിറുത്താനാണ്. ഇടതു മുന്നണിയിൽ ചേരുന്നത് അണികൾക്ക് ഉൾക്കൊള്ളാനാവില്ലെന്നാണ് കോൺഗ്രസ് കരുതുന്നത്.തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഒരുക്കം യു.ഡി.എഫിൽ ഇന്ന് ചർച്ചയാവും. പ്രവാസിവിഷയത്തിലെ ഇടപെടലുകൾ യു.ഡി.എഫിന് അനുകൂലമായെന്ന വിലയിരുത്തലുണ്ട്.
കാപ്പന്റെ പരാതി
ചാനൽചർച്ചയിൽ പാലായിലെ ഇടതുവിജയത്തെ താഴ്ത്തിക്കെട്ടുന്ന പ്രതികരണം ഇടത് പക്ഷക്കാരനായ ആന്റണി രാജു നടത്തിയതിനെക്കുറിച്ച് പരാതി പറയാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് മാണി സി.കാപ്പൻ കേരളകൗമുദിയോട് പറഞ്ഞു. മാണിവിഭാഗത്തിലെ ചേരിപ്പോരാണ് ഇടതുവിജയത്തിലെത്തിച്ചതെന്നായിരുന്നു പരാമർശം. ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ജോസ് വിഭാഗം മുന്നണിയിൽ വരുന്നതിലടക്കം ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുന്നതായി മാണി സി.കാപ്പൻ പറഞ്ഞു.
ജോസ് പക്ഷക്കാർ
തങ്ങൾക്കൊപ്പം
വരുമെന്ന് ജോസഫ്
തൊടുപുഴ:ജോസ് കെ. മാണി വിഭാഗത്തിൽ നിന്ന് കൂടുതൽ പേർ തങ്ങൾക്കൊപ്പമെത്തുമെന്ന് കേരളകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു.
ഒരുമിച്ച് പ്രവർത്തിക്കാൻ സന്നദ്ധതയറിയിച്ച് ജോസ് വിഭാഗത്തിൽ നിന്ന് ധാരാളം പേർ ബന്ധപ്പെടുന്നുണ്ട്. ചർച്ചകൾ നടക്കുന്നുണ്ട്. വരുന്നവർ ആരൊക്കെയാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ജോസ് വിഭാഗത്തെ പുറത്താക്കിയത് സ്വാഭാവിക നടപടിയാണ്. അത് യു.ഡി.എഫിന് ഗുണം ചെയ്യും. യു.ഡി.എഫ് തീരുമാനവും ധാരണകളും അംഗീകരിക്കാത്തതിനാണ് നടപടി. കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തിൽ യു.ഡി.എഫ് നേതൃത്വം തീരുമാനമെടുക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പ്രാദേശികാടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ. കള്ളപ്രചാരണത്തിന് ജോസ് കെ. മാണി വിദഗ്ദ്ധനാണ്. കള്ളം പറഞ്ഞ് രക്ഷപ്പെടാമെന്നാണ് ജോസ് കരുതുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണകൾ നേരത്തെ അംഗീകരിച്ചതാണ്. പാലാ ഉപതിരഞ്ഞെടുപ്പിൽ തന്നെ കൂവി അപമാനിച്ചു. പാലായിൽ ജോസ് കെ. മാണി വിരുദ്ധ വോട്ടുകളാണ് മാണി സി. കാപ്പനെ വിജയിപ്പിച്ചത്. ജോസ് പ്രവർത്തന ശൈലി മാറ്റിയാൽ നല്ലതെന്നും ജോസഫ് പറഞ്ഞു.