pinarayi

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചത്. മികച്ച റിസൾട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അർഹത നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ സേ പരീക്ഷയ്ക്ക് തയ്യാറെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


എത്ര കടുത്ത പ്രതിസന്ധിയുടെ മുൻപിലും നമ്മുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സർക്കാരിന്റെ തീരുമാനത്തിന്റേയും, അതിനു ജനങ്ങൾ നൽകിയ പിന്തുണയുടേയും വിജയമാണ് ഈ റിസൾട്ട്. പല ഭാഗത്തു നിന്ന് എതിർപ്പുകളും, വിവാദങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളും ഉണ്ടായെങ്കിലും, കോവിഡ് വെല്ലുവിളിയെ മറികടന്ന് പരീക്ഷകൾ വിജയകരമായി നടത്താനും, സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും നമുക്ക് സാധിച്ചതു ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. രക്ഷിതാക്കളും, അദ്ധ്യാപകരും, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും, ആരോഗ്യ പ്രവർത്തകരും, പൊലീസും, സന്നദ്ധ പ്രവർത്തകരുമെല്ലാം ചേർന്നു പരീക്ഷകൾ സുരക്ഷിതമായി നടത്താനുള്ള സാഹചര്യം ഒരുക്കി. എല്ലാവരോടും ഹൃദയപൂർവ്വം നന്ദി പറയുന്നെന്നും മുഖ്യമന്ത്രി കുറിച്ചു.