dddd

പോത്തൻകോട്: മാർച്ച് 19....എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് അന്ന് ഹിന്ദി പരീക്ഷയായിരുന്നു. പക്ഷേ ഫാത്തിമയ്‌ക്ക് അത് ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷയും. പോത്തൻകോട് ലക്ഷ്‌മിവിലാസം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അണ്ടൂർക്കോണം കീഴാവൂർ ഷഹന മൻസിലിൽ ഫാത്തിമ അന്ന് പരീക്ഷയ്ക്കെത്തിയത് ഉമ്മയുടെ ചേതനയറ്റ ശരീരം കണ്ടാണ്. അവൾ പരീക്ഷയെഴുതുമ്പോൾ പള്ളിപ്പറമ്പിൽ ഉമ്മയുടെ കബറടക്കം നടക്കുകയായിരുന്നു.

ഹൃദയവേദനയുടെ പരീക്ഷക്കടൽ താണ്ടി അവസാനം റിസൾട്ട് വന്നപ്പോൾ അവൾക്ക് ഫുൾ എ പ്ലസ്. എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ച് മൂന്നാം നാളാണ് ഫാത്തിമയുടെ ഉമ്മ നസീറാബീവി (36) ആർ.സി.സിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഉമ്മയുടെ വേർപാടിലും ഉമ്മയുടെ ആഗ്രഹ സാഫല്യത്തിനായി നിറകണ്ണുകളോടെ ആത്മവിശ്വാസം മുറുകെപ്പിടിച്ച് അവൾ പരീക്ഷയെഴുതി. മകളുടെ വിഭ്യാഭ്യാസ കാര്യത്തിൽ ഏറെ താത്പര്യമുണ്ടായിരുന്ന നസീറയ്ക്ക്, തന്റെ രോഗാവസ്ഥയെക്കുറിച്ചും നല്ല ബോദ്ധ്യമുണ്ടായിരുന്നു. രോഗം മൂർച്ഛിച്ചപ്പോൾ മരണം തനിക്കരികിലെത്തിയെന്ന ബോദ്ധ്യത്തിലാകാം, തനിക്ക് എന്തെങ്കിലും സംഭവിച്ചുപോയാലും മോള് നന്നായി പരീക്ഷ എഴുതണമെന്നും പഠിച്ച് ജോലി നേടി ഉപ്പച്ചിയെ നോക്കണമെന്നും നസീറാബീവി ഫാത്തിമയോട് പറഞ്ഞിരുന്നത്. ഉമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാനാണ് കബറടക്കത്തിന് ഒരു മണിക്കൂർ മുമ്പ് ഫാത്തിമ സഹോദരി ഷഹനയ്ക്കൊപ്പം രാവിലെ 9.30ന് പരീക്ഷാ ഹാളിലെത്തിയത്. മരണത്തിന് രണ്ടര മാസം മുമ്പാണ് നസീറബീവിക്ക് അ‌ർബുദമാണെന്ന് സ്ഥിരീകരിക്കുന്നത്. അസുഖവിവരമറിഞ്ഞ് ഗൾഫിലായിരുന്ന പിതാവ് ഷമീറും നാട്ടിലെത്തിയിരുന്നു. കണിയാപുരം കുടമുറ്റം ജമാ അത്തിലാണ് നസീറാബീവിയെ കബറടക്കിയത്. പരീക്ഷ എഴുതിക്കഴിഞ്ഞ് ഉമ്മയില്ലാത്ത വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഉമ്മ പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു അവളുടെ മനസിലുണ്ടായിരുന്നതെങ്കിൽ, ഇന്ന് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി ഉമ്മയുടെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ഫാത്തിമ. ആ സന്തോഷം കാണാൻ ഉമ്മയില്ലെന്ന നൊമ്പരവും.