uefa-champions-league

യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങൾ ലിസ്‌ബണിൽനിന്ന് മാറ്റില്ല

സൂറിച്ച് : കൊവിഡ് കാരണം നിറുത്തിവച്ചിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ബാക്കി മത്സരങ്ങൾ ആഗസ്റ്റിൽ പോർച്ചുഗലിൽ നടത്തുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് യുവേഫ അധികൃതർ അറിയിച്ചു. യൂറോപ്പിൽ ഒട്ടുമിക്ക ആഭ്യന്തര ലീഗുകളും പുനരാരംഭിച്ചതിനാൽ പഴയതുപോലെ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തണമെന്ന് ആവശ്യമുയർന്ന് തുടങ്ങിയതോടെയാണ് യുവേഫ ഇക്കാര്യത്തിൽ ഇനിയൊരു ചാഞ്ചാട്ടമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത്.

കൊവിഡ് സാഹചര്യം പരിഗണിച്ച് ചാമ്പ്യൻസ് ലീഗിൽ അവശേഷിക്കുന്ന മത്സരങ്ങൾ ഒരു മിനി ടൂർണമെന്റുപോലെ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ഒന്നോ രണ്ടോ വേദികളിലായി മൂന്നാഴ്ചയ്ക്കിടയിൽ നടത്തിത്തീർക്കാനാണ് യുവേഫ കഴിഞ്ഞമാസം തീരുമാനമെടുത്തത്. മാർച്ചിൽ രണ്ടാംപാദ പ്രീക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ശേഷിക്കവേയാണ് കൊവിഡ് കാരണം മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിലായത്. തുടർന്ന് ചാമ്പ്യൻസ് ലീഗ് നിറുത്തിവയ്ക്കുകയായിരുന്നു.

ബാഴ്സലോണ ഉൾപ്പെടെയുള്ള ടീമുകളുടെ രണ്ടാംപാദ പ്രീക്വാർട്ടർ ഫൈനലുകൾ ആഗസ്റ്റ് 7-8 തീയതികളിലായി നടത്താനാണ് പ്ളാൻ ചെയ്തിരിക്കുന്നത്. ഇക്കുറി ന്യൂട്രൽ വെന്യുവിൽ വച്ചാണ് എന്നതിനാൽ ക്വാർട്ടർ ഫൈനലും സെമി ഫൈനലും ഒരുപാദ മത്സരങ്ങളായിരിക്കും. ആഗസ്റ്റ് 12-15 തീയതികളിൽ ക്വാർട്ടർ ഫൈനലുകളും 18-19 തീയതികളിൽ സെമി ഫൈനലുകളും നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റ് 23നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ തുർക്കിയിലെ ഇസ്താംബുളാണ് ഫൈനൽ വേദിയായി നിശ്ചയിച്ചിരുന്നത്. ഇത്തവണത്തേതിന് പകരമായി 2021 ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി ഇസ്താംബുളിന് അനുവദിച്ചിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗ് ഷെഡ്യൂൾ

ആഗസ്റ്റ് 7-8 -രണ്ടാംപാദ പ്രീക്വാർട്ടറുകൾ

ആഗസ്റ്റ് 12-15 -ക്വാർട്ടർ ഫൈനലുകൾ

ആഗസ്റ്റ് 18-19 -സെമിഫൈനലുകൾ

ആഗസ്റ്റ് 23- ഫൈനൽ

ക്വാർട്ടറിൽ എത്തിയ ടീമുകൾ

അറ്റലാന്റ, അത്‌ലറ്റിക്കോ മാഡ്രിഡ്, ലെയ്പ്‌സിഗ്, പാരീസ് സെന്റ് ജെർമെയ്‌ൻ

പ്രീക്വാർട്ടറിലെ ഇനിയുള്ള മത്സരങ്ങൾ

ചെൽസി Vs ബയേൺ മ്യൂണിക്

(ആദ്യപാദത്തിൽ 3-0 ത്തിന് ബയേൺ ജയം)

ബാഴ്സലോണ Vs നാപ്പോളി

(ആദ്യപാദത്തിൽ 1-1ന് സമനില)

യുവന്റസ് Vs ലിയോൺ

(ആദ്യപാദത്തിൽ 1-0 ത്തിന് ലിയോൺ)

മാൻ .സിറ്റി Vs റയൽ മാഡ്രിഡ്

(ആദ്യപാദത്തിൽ 2-1ന് സിറ്റി ജയം)

നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ഇക്കുറി പ്രീക്വാർട്ടറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ് പുറത്തായി