തിരുവനന്തപുരം: നഗരത്തിൽ പുതുതായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പൗണ്ട്കടവ് വാർഡിൽ പൊലീസ് ശക്തമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തി. പൗണ്ട്കടവ് വാർഡിലേക്ക് കടന്നുവരുന്ന വഴികൾ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ബൈപാസ് മുക്കോലയ്ക്കൽ ജംഗ്ഷൻ, അരശുംമൂട്, തമ്പുരാൻമുക്ക്, മാധവപുരം, സ്‌റ്റേഷൻകടവ് എന്നീ സ്ഥലങ്ങളാണ് അടച്ചത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാ കടകളും ഈ സോണിൽ അടച്ചിടണം. വാഹനങ്ങൾക്കും ആളുകൾക്കും കണ്ടെയ്ൻമെന്റ് സോണിലേക്ക് പ്രവേശനം അനുവദിക്കില്ല. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള അതിർത്തി പരിശോധനാകേന്ദ്രം വഴി മാത്രമേ യാത്ര അനുവദിക്കൂ. ബൈപ്പാസിലെ മുക്കോലയ്ക്കൽ ജംഗ്ഷനാണ് അതിർത്തി പരിശോധനാ കേന്ദ്രം. ഇപ്പോൾ പ്രഖ്യാപിച്ച പൗണ്ട്കടവ് വാർഡിനു പുറമേ ആറ്റുകാൽ, കുര്യാത്തി, കളിപ്പാംകുളം, മണക്കാട്, ചിറമുക്ക്,കാലടി,ഐരാണിമുട്ടം,വള്ളക്കടവ് പുത്തൻപാലം,കരിക്കകം, കടകംപള്ളി, തൃക്കണ്ണാപുരം ടാഗോർ നഗർ എന്നീ സ്ഥലങ്ങളും നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുകയാണ്. പൊലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എല്ലവരും പാലിക്കണമെന്നും വിലക്കു ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ലോക്ക് ഡൗൺ ലംഘിച്ച 52 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 24 വാഹനങ്ങൾക്കെതിരെയും മാസ്‌ക് ധരിക്കാത്ത 176 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു.