bijin

പേരൂർക്കട: അപകടത്തിൽപ്പെട്ട യുവാവിനെ പിടികൂടിയപ്പോൾ തെളിഞ്ഞത് നിരവധി മോഷണ കേസുകൾ. കാര്യവട്ടം കൊടിത്തറ ദേവീക്ഷേത്രത്തിനു സമീപം താമസിക്കുന്ന ബിജിൻ (21) ആണ് പേരൂർക്കട പൊലീസിന്റെ പിടിയിലായത്. മോഷണ ബൈക്കുമായി സഞ്ചരിക്കവെ ഇയാൾ അബദ്ധത്തിൽ വീണു. വീഴ്ചയിലാണ് പട്രോളിംഗ് നടത്തുന്ന പൊലീസിനെ യുവാവ് ശ്രദ്ധിച്ചത്. ഉടൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംശയം തോന്നിയ പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. അമ്പലമുക്ക് സാന്ത്വനാ ആശുപത്രി ജംഗ്ഷനു സമീപം തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ബിജിൻ ബൈക്കിൽ നിന്നു വീണത്. മെഡിക്കൽകോളേജ് ആശുപത്രി കാമ്പസിനുള്ളിൽ നിന്ന് മോഷ്ടിച്ച പുതിയ പൾസർ ബൈക്കുമായി നഗരത്തിലൂടെ വരികയായിരുന്നു ഇയാൾ. നെടുമങ്ങാട് പേരയം സ്വദേശി ആന്റോയുടേതാണ് ബൈക്ക്. ഇയാൾ മെഡിക്കൽകോളേജ് ആശുപത്രിയിലെ ജീവനക്കാരനാണ്. പ്രതിയെ ചോദ്യം ചെയ്തതോടെ തമ്പാനൂർ, മ്യൂസിയം സ്റ്റേഷനുകളിലും ഇയാൾക്കെതിരേ ബൈക്ക് മോഷണക്കേസുകൾ ഉള്ളതായി വ്യക്തമായി. പേരൂർക്കട സി.ഐ വി.സൈജുനാഥ്,എസ്.ഐ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.