ഡോ.ടി.പി.വി.സുരേന്ദ്രൻ കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ മാനേജിംങ്ങ് ഡയറക്ടർ. വയനാട്ടുകാരുടെ സ്വന്തം ഡോക്ടർ. ലോകജനതയെ ഭീതിയുടെ മുൾമുനയിലാക്കിയ കൊവിഡ് - 19 വ്യാപനവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് വേറിട്ട് പലതും ഓർമ്മിപ്പിക്കാനുണ്ട്.

പ്രാക്ടീസ് തുടങ്ങിയിട്ട് ഇത് 54-ാം വർഷം. 44 വർഷമായി വയനാട്ടിൽ തന്നെ. തുടക്കം വർഷങ്ങളോളം സർക്കാർ സർവീസിൽ. പിന്നീട് സ്വകാര്യ ആശുപത്രിയുടെ സാരഥിയായി. ഏറെ അനുഭവസമ്പത്തുളള അദ്ദേഹം പറയുന്ന കാര്യങ്ങൾ ഇങ്ങനെ....

#

ആശുപത്രികളിൽ ഇപ്പോൾ ഉന്തും തള്ളുമില്ലല്ലോ. സംശയരോഗങ്ങൾ പലതും പടികടന്നതു തന്നെ കാരണം.
രോഗമുള്ളവർ കുറവാണെന്നല്ല. പക്ഷേ, ആധി പിടിച്ച് സ്വയം അസുഖം സ്ഥാപിക്കുന്നവരുണ്ട്. അത്തരക്കാർ പലരും 'വിവര'മറിഞ്ഞു തുടങ്ങിയിട്ടുണ്ട്. രോഗികൾക്കൊപ്പം കൂട്ടത്തോടെ കൂട്ടിരിപ്പിനെത്തുന്നവരും ഇപ്പോഴില്ല. ചുരുക്കത്തിൽ ആവശ്യക്കാരേ ഇപ്പോൾ ആശുപത്രിയിൽ എത്തുന്നുള്ളൂ. എല്ലാം കൊവിഡ് കൊണ്ടുവന്ന മാറ്റം.

പുത്തൻ ജീവിതശൈലിയാണ് പലർക്കും ഇല്ലാത്ത രോഗങ്ങൾ വരുത്തിവെക്കുന്നത്. പിന്നെ തോന്നലിന്റെ പരമ്പരയാണ്. ആകെയൊരു പാഞ്ഞുകയറ്റം, ദേഹം മുഴുവൻ ചൂടാന്തരം, മേനി പുകച്ചൽ, കൈകാൽ കടച്ചിൽ, മീംപാച്ചൽ, ക്ഷീണം, വിശപ്പില്ലായ്മ, നെഞ്ചും വയറും പുകച്ചൽ, കണ്ണിലിട്ടടക്കുക, ചെവീന്ന് ഊയ്യാരംവിളി, മണ്ട പുകച്ചൽ, തലച്ചുറ്റൽ, വീർപ്പുമുട്ടൽ, പേശിവലിവ്, വെപ്രാളം, ഉറക്കക്കുറവ്, സന്ധിവേദന, നടുവേദന, ശോധനക്കുറവ്, പൊതുവെ ഒരു ഉന്മേഷക്കുറവ്, ഒന്നിനും ഒരു ശക്തിയില്ലായ്മ പോലെ...മേനി മുയിവൻ നീര് കെട്ടിയതു പോലെ, പള്ളേല് ഒര് കനംവെച്ച മാതിരി ഇങ്ങനെ അവനവന്റെ രീതിയ്ക്കനുസരിച്ചാണ് രോഗത്തെക്കുറിച്ച് ഡോക്ടറെ പഠിപ്പിക്കുന്നത്. ഇവ എല്ലാറ്റിനും അവധി കൊടുത്തപോലെയായില്ലേ ഇപ്പോൾ. അപകടങ്ങൾ വരുത്തിവെക്കുന്ന എല്ലുപൊട്ടലുൾപ്പെടെയുള്ള പരിക്കുകൾ, കുടുംബകലഹങ്ങൾ മൂത്തുള്ള കത്തിക്കുത്ത്, അടിപിടി കേസുകൾ എന്നിവയും നല്ലൊരളവിൽ കുറഞ്ഞു.
പക്ഷേ, പ്രസവത്തിന് അവധിയില്ല. അത് മുറയ്ക്ക് നടക്കുന്നു. ജീവിതശൈലീ രോഗങ്ങൾക്കും കുറവില്ല. ആശുപത്രിയും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നവർ അകന്നുനിന്നതോടെ പക്ഷേ, മുഴുവൻ ആതുരാലയങ്ങളും പരിസരവും നന്നേ വൃത്തിയായി മാറി. ചപ്പും ചണ്ടിയുമില്ല. ഒരു രോഗി അഡ്മിററായാൽ പിന്നെ അഞ്ചാറാളുകൾ കൂടിയിരുന്നുള്ള ഭക്ഷണം കഴിപ്പും അതിഥിസത്കാരവും ഇല്ലാതായപ്പോൾ പ്ലാസ്റ്റിക് സഞ്ചികൾ തള്ളുന്നതും നിലച്ചു. പാവം കുട്ടികൾ കളിസ്ഥലമാണെന്ന് ധരിച്ച് വരാന്തയിലൂടെ ഓട്ടമത്സരം നടത്തുന്നതും ലിഫ്ടിൽ കയറി വെറുതെ മേലോട്ടും താഴോട്ടും പോവുന്നതുമെല്ലാം പോയി മറഞ്ഞു.
ശരിയായ അസുഖമുള്ളവർ തീർച്ചയായും ആശുപത്രിയെ ശരണം പ്രാപിക്കാതിരിക്കില്ല. സംശയരോഗക്കാർ ഇറങ്ങുന്നത് നീട്ടിവെച്ചതായിരിക്കാം. പൊതുവെ മന:ശക്തി കുറഞ്ഞവരാണ് ഒട്ടുമുക്കാൽ രോഗികളും. അവരെ ഒന്നു പരിശോധിച്ച്, ചെറിയ തോതിലുള്ള ടെസ്റ്റും മറ്റും ചെയ്ത്, കാര്യമായ രോഗമില്ലെന്ന് സമാധാനിപ്പിച്ചാൽ തീരുന്നതേയുള്ളൂ പ്രശ്നം.

കേരളമാതൃക

വിദേശരാജ്യങ്ങളിൽ പോലും ഖ്യാതി കേട്ടതാണ് ആരോഗ്യമേഖലയിലെ കേരള മോഡൽ. വികേന്ദ്രീകൃതതലത്തിൽ ഏതു രോഗത്തെയും നേരിടാൻ കഴിയുന്ന ആ മോഡലിന്റെ മികവ് തന്നെയാണ് കൊവിഡിന്റെ മാരകവിളയാട്ടത്തിൽ നിന്ന് വലിയൊരു പരിധിവരെ കേരളത്തെ രക്ഷപ്പടുത്തിയത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സമയോചിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും രോഗം പരക്കെ പടരുന്നത് ഒഴിവാക്കാൻ തുണച്ചു. പ്രതിരോധ ക്രമീകരണങ്ങൾ കുറ്റമറ്റ നിലയിൽ നീക്കാനും നിയന്ത്രണങ്ങൾ പഴുതടച്ച് നടപ്പാക്കാനും ആരോഗ്യപ്രവർത്തകർ മുതൽ പൊലീസ്‌ സേനാംഗങ്ങൾ വരെ വിശ്രമമറിയാതെ ഇപ്പോഴും രംഗത്തുണ്ട്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മേൽനോട്ടം താഴേത്തലം വരെയെത്തുന്നു. എല്ലാറ്റിലുമുപരി ആരോഗ്യബോധമുള്ള ജനങ്ങളുടെ കരുതലും.

പാഠം പഠിക്കാം;

അഹങ്കാരമരുത്

ഈ രോഗം സാധാരണ വൈറസ് കാരണമാണെന്നും അതു മറ്റു പല രോഗങ്ങളെയും പോലെ പ്രതിരോധശക്തി കുറഞ്ഞവരിലാണ് കുഴപ്പമുണ്ടാക്കുന്നതെന്നും നമുക്ക് ബോദ്ധ്യപ്പെട്ടു.

സാരമായ മറ്റു അസുഖമുള്ളവരിലാണ് ഇത് ഉഗ്രരൂപിയാവുന്നത്. ചികിത്സ ചെയ്യുന്നത് വൈറസിനെ കൊല്ലാനല്ല. മറിച്ച്, അതുണ്ടാക്കുന്ന സങ്കീർണത തരണം ചെയ്യാനാണ്. രോഗാണുക്കൾ കുറച്ചു ദിവസങ്ങൾക്കകം ആന്റിബോഡിയുടെ പ്രവർത്തനഫലമായി താനേ നശിക്കുന്നുണ്ട്. എന്നാൽ ശ്വാസകോശരോഗം, ഹൃദ്രോഗം തുടങ്ങിയവയുള്ളവർ ഏറെ ശ്രദ്ധിക്കാതെ പറ്റില്ല.

മൃഗങ്ങളിൽ നിന്ന് ജനിതകമാറ്റം വന്ന പുതിയ വൈറസായതുകൊണ്ട് അവരവരുടെ ഭാവനയ്ക്കനുസരിച്ച് പലരും പല അഭിപ്രായങ്ങളും തട്ടിവിടുന്നുണ്ട്. രോഗം പടരാതിരിക്കാൻ നാം ഉപയോഗിച്ച മാർഗം നൂറു ശതമാനവും ശരിയായി കണ്ടു. നമ്മുടെ താത്കാലിക വിജയമായി കണ്ടാൽ മതി അത്. അഹങ്കാരം കൂടി ആധുനിക വൈദ്യശാസ്‌ത്രത്തെയും പാശ്ചാത്യ രാജ്യങ്ങളിലെ ‌ചികിത്സയെയും പുച്ഛിച്ചു തള്ളുന്ന പ്രവണത മലയാളികളിൽ കൂടുന്നതായി കാണുന്നുണ്ട്. ആധുനിക വൈദ്യശാസ്‌ത്രത്തിൽ അവരോട് കിട പിടിക്കാൻ നാം ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് മറന്നുകൂടാ.

കരുതലിനു പകരം

വിരുതുകൾ വേണ്ട

മഹാമാരികൾ മുമ്പും പല ഘട്ടങ്ങളിലായി പടർന്നുപിടിച്ചതായി കാണാം. പണ്ടാവുമ്പോൾ മരണസംഖ്യ ഇന്നു അപ്പപ്പോൾ കണക്കുകൂട്ടുന്നതിനുള്ള സംവിധാനമൊന്നുമില്ല.

കൊവിഡ് 19 പ്രതിരോധത്തിൽ മാദ്ധ്യമങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. പക്ഷേ, ചിലപ്പോഴെങ്കിലും പലരും ജനങ്ങളിൽ ഭീതി വിതയ്ക്കുന്നതായും തോന്നി. അപസർപ്പക കഥ കണക്കെയുള്ള സ്റ്റോറികൾ... വീര്യം കൂടിയ ചാനൽചർച്ചകൾ !. രാഷ്ട്രീയപ്രവർത്തകരും മതപുരോഹിതരും സാംസ്‌കാരിക നായകരും, എന്തിന് ഒരു കേസു പോലും കാണാത്ത ചില ഡോക്ടർമാർ പോലും ആവേശത്തോടെ സംസാരിക്കുന്നതു കേൾക്കുമ്പോൾ ചിരി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

പക്ഷഭേദമില്ലെന്നു കാണിക്കാൻ സംശയനിവൃത്തി വരുത്തുന്നതിന് മോഡേൺ മെഡിസിൻകാർക്കൊപ്പം ആയുർവേദ, ഹോമിയോപ്പതി, യുനാനിക്കാരെയെല്ലാം ഇരുത്തി മാദ്ധ്യമധർമ്മം പുലർത്തുന്നുമുണ്ടായിരുന്നു. മരിക്കുന്നവരുടെ എണ്ണം ഇലക്‌ഷൻ ഫലം പോലെ അറിയിച്ച് ജനങ്ങളെ സസ്പെൻസിൽ നിറുത്തുന്നതും ചിലപ്പോൾ കാണാനായി.

പതിവായി പോകുന്ന ഊടുവഴിയിലേക്ക് ഇറങ്ങിയ നിഷ്‌കളങ്കനായ നാടൻ വനവാസിയെ ഡ്രോൺ ക്യാമറ ഉപയോഗിച്ച് പിടിച്ച് ക്വാറന്റൈനിൽ ഇടുന്നതും കാണാൻ കഴിഞ്ഞു. ഒരു പക്ഷേ, വയനാട്ടിലെ മറ്റാരേക്കാൾ പ്രതിരോധ ശേഷിയുള്ളവനായിരിക്കാം ഈ നാട്ടുവനവാസിയെന്നു മനസ്സിലാക്കുന്നില്ല.
നാം ഭാരതീയർ എന്നു നാഴികയ്ക്ക് നാല്പതു വട്ടം പറയുമെങ്കിലും സംസ്ഥാന അതിർത്തിയിലൂടെ രോഗം പരക്കാതിരിക്കാൻ റോഡിൽ മണ്ണിട്ടു വഴി മുടക്കുന്നത് പുത്തൻകാഴ്ച തന്നെയായിരുന്നു. ഇനി അഥവാ അരെങ്കിലും അതിർത്തിയ്ക്കപ്പുറത്തു കാലെടുത്തു വെച്ചാൽ കാശ്മീർ നുഴഞ്ഞു കയറ്റക്കാരെ കൈകാര്യം ചെയ്യുന്നതു പോലുള്ള പ്രയോഗങ്ങളും കാണാനിടയായി. അടുത്തെത്തിയ ഇലക്‌ഷൻ മനസ്സിൽ വെച്ചു രാഷ്ട്രീയ കക്ഷികൾ ഈ വേളയിലും പതിവുപോലെ കരുക്കൾ നീക്കുന്ന വിദ്യയാണ് മറ്റൊന്ന്.

പഴയ ഭക്ഷണശീലം

തിരിച്ചുപിടിക്കാം

ഈ നാട്ടിലെ ആ പഴയ ഭക്ഷണശീലങ്ങളുണ്ടല്ലോ... പിന്നെ ആ പരമ്പരാഗത ജീവിതശൈലിയും. അതൊക്കെ തിരിച്ചുകൊണ്ടുവന്നാൽ തന്നെ ഏതാണ്ടെല്ലാ രോഗങ്ങളം പമ്പ കടക്കും. പിന്നെയാണോ കൊവിഡ്...

നല്ല നാടൻ ഭക്ഷണം കഴിച്ചാൽ താനേവരും പ്രതിരോധശേഷി. പുത്തൻശീലമായി മാറിയ ഫാസ്റ്റ് ഫുഡാണ് എല്ലാറ്റിനും കുഴപ്പം. അമേരിക്കയ്ക്ക് പറ്റിയത് അതാണ്. അവർക്ക് ഇമ്മ്യൂണിറ്റി കുറയാൻ കാരണം മറ്റൊന്നുമല്ല. ഇനി ലോക് ഡൗൺ പതുക്കെ നിറുത്തണം. സിനിമാ തീയേറ്ററുകളും മറ്റുമാണ് പ്രശ്‌നം. മാൾ കുഴപ്പമില്ല.

ലോക്ക് ഡൗൺ ഇതുവരെ ശരി തന്നെ. ഇനി കുട്ടികളെയും പ്രായമായവരെയും അസുഖക്കാരെയും വീട്ടിൽ തന്നെയിരുത്തുക. ആരോഗ്യമുളള ചെറുപ്പക്കാർ മുഴുവൻ ഫ്രീയായി പുറത്തിറങ്ങട്ടെ;

കുറ്റ്യാടിയിൽ 1972ൽ ജോലി ചെയ്തിരുന്നപ്പോൾ ഇതുപോലെ വൈറസിനോട് പട പൊരുതിയത് ഓർമ്മയുണ്ട്. വൈറൽ രോഗങ്ങൾക്ക് പ്രത്യേകിച്ച് മരുന്നില്ല. പറ്റാവുന്നത്ര അകലം പാലിക്കുക. ചൂടുളള ഭക്ഷണം മാത്രം കഴിക്കുക. രോഗികൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക. അത്രയും ചെയ്താൽ തന്നെ കടമ്പ പാതിയിലേറെ കടന്നു.

ഗൾഫ് രാജ്യങ്ങളിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പലരും പറയുന്നതു കേട്ടു. അവിടെ നല്ല ചികിത്സ തന്നെ ലഭിക്കുന്നുണ്ട്. പ്രശ്നം കൊച്ചുമുറിയിൽ നാലും അഞ്ചും പേരൊക്കെ കഴിഞ്ഞുകൂടുന്നുവെന്നതാണ്. ഒരാൾക്ക് രോഗം വന്നാൽ സ്വാഭാവികമായും അത് പടരും. ഗൾഫിലെ വിദേശികളാണ് മലയാളികൾ. അവ‌ർ ഭയപ്പെടേണ്ടതില്ല. അവരെയും ആരും ഭയക്കേണ്ട.

നല്ല ഭക്ഷണം മാത്രം പോരാ. ദുശ്ശീലങ്ങൾ വെടിയാനും കഴിയണം. അങ്ങനെയെങ്കിൽ ഇമ്മ്യൂണിറ്റി കുറയില്ല. കളളുകുടിയും പുകവലിയും മറ്റും ഒഴിവാക്കണം.

കൊവിഡിനെ മാറ്റാം;

വെറും പകർച്ചവ്യാധിയായി

കേരളത്തിൽ വിവിധ രോഗങ്ങൾ കാരണം ദിവസം ശരാശരി 400 പേർ മരിക്കുന്നുണ്ട്. ഏതു രോഗത്തിന്റെ കാര്യത്തിലായാലും 2 മുതൽ 3 ശതമാനം വരെ മരണം സംഭവിക്കുന്നുവെന്നത് നാം മറന്നുപോകുന്നു. പൊട്ടി, അഞ്ചാംപനി, ഡെംഗു, ഫ്‌ളു, ന്യുമോണിയ, പന്നിപ്പനി, ചിക്കുൻഗുനിയ, ടൈഫോയ്ഡ്, എലിപ്പനി, മലേറിയ തുടങ്ങിയ പല രോഗങ്ങളുടെയും കാര്യത്തിൽ ഫലം ഇതാണ്. ചില രോഗങ്ങൾ വായുവിലൂടെയും ചിലത് വെള്ളത്തിലൂടെയും മറ്റു ചിലത് കൊതുകുകടിയേറ്റുമൊക്കെയാണ് വരുന്നത്.

കൊവിഡിനെ നേരിടാൻ സമൂഹികപ്രതിരോധശക്തി ആർജ്ജിക്കുകയാണ് വേണ്ടത്. ദയവായി പേടിപ്പിക്കുന്ന രീതിയിലേക്ക് മാറരുത് മാദ്ധ്യമങ്ങൾ. മരണവാർത്തയുടെ കണക്കുകൾക്ക് ഒന്നു കടിഞ്ഞാണിട്ടാൽ മതി. സർക്കാർ ഇനിയങ്ങോട്ട് എല്ലാ നിബന്ധനകൾക്കും പതുക്കെ അയവു വരുത്തിയാൽ കൊറോണയും ഒരു സാധാരണ പകർച്ചവ്യാധിയായി മാറും. അതോടെ ജനജീവിതം സുഗമമാവും.

ഡോ: ടി.പി.വി.സുരേന്ദ്രൻ

( കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ മാനേജിംങ്ങ് ഡയറക്ടർ)

ഫോ​ൺ​ ​ന​മ്പ​ർ ​: 9447219134