lucy

*സിസ്റ്റർ ലൂസിക്കെതിരെ മാനനഷ്‌ടക്കേസിന് വൈദികൻ

കൽപ്പറ്റ:വയനാട്ടിലെ കാരക്കാമല സെന്റ്.മേരീസ് പള്ളി വികാരിക്കെതിരായ സിസ്റ്റർ ലൂസി കളപ്പുരയുടെ ലൈംഗികാരോപണത്തിനെതിരെ മാനനഷ്ടക്കേസ് നൽകാൻ രൂപതയുടെ അനുമതി. അതേസമയം, വിവാദമായ ലൈംഗികാരോപണത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ സിസ്റ്റർ ലൂസിക്കൊപ്പമുള്ള ഇടവകയിലെ പരാതിക്കാരെ ഇന്ന് കാണിച്ചേക്കും. താൻ ബ്ളാക്ക് മാസിന്റെ ആളാണെന്ന പി.സി.ജോർജ് എം.എൽ.എയുടെ ആരാേപണത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര രംഗത്ത് വരികയും ചെയ്തു.

കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് രാവിലെ കാരക്കാമല സെന്റ് മേരീസ് പളളി വികാരിയുടെ താമസ സ്ഥലത്തേക്ക് പോയ മദർ സുപ്പീരിയർ തിരിച്ചെത്താൻ വൈകിയതിൽ സംശയം തോന്നി അവിടെച്ചെന്ന് നോക്കിയപ്പോൾ ഇരുവരും തമ്മിലുളള ലൈംഗിക രംഗമാണ് കണ്ടതെന്നാണ് സിസ്റ്റർ ലൂസി കളപ്പുര ഫേസ് ബുക്കിൽ കുറിച്ചത്. വൈദികർ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളിൽ കന്യാസ്ത്രീകൾ ഒറ്റയ്ക്ക്‌പോകരുതെന്ന് മാനന്തവാടി രൂപത ബിഷപ്പിന്റെയും എഫ്.സി.സി സഭാനേതൃത്വത്തിന്റെയും കർശന നിർദ്ദേശങ്ങളുണ്ടായിട്ടും മദർ സുപ്പീരിയർ ഒറ്റയ്ക്ക് പോയതിൽ അസ്വാഭാവികത തോന്നി. ഇവർ തമ്മിലുളള ബന്ധത്തിന്റെ രംഗങ്ങൾ താൻ മൊബൈലിൽ പകർത്തിയത് കണ്ട വൈദികൻ, തന്നെ ആക്രമിക്കൻ പളളിയുടെ സ്റ്റെപ്പ് വരെ പിറകെ ഒാടി. റോഡിലെത്തിയ താൻ നാട്ടുകാരോട് വിവരം പറഞ്ഞു. അവർ പളളിയിലെത്തി കാര്യം തിരക്കി. സി.സി ടിവി ദൃശ്യം പരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടെങ്കിലും സി.സി ടിവി പ്രവർത്തിക്കുന്നില്ലെന്നായിരുന്നു വൈദികന്റെ മറുപടി. വൈദികൻ തന്നെ കുറ്റക്കാരിയാക്കുന്ന തരത്തിലാണ് ഇടവകക്കാരോട് പറഞ്ഞത്. പിന്നീട് പൊലീസെത്തിയാണ് തന്നെ മഠത്തിൽ കൊണ്ടാക്കിയത്. അവിടെയെത്തി മൊബൈലിൽ നോക്കിയപ്പോൾ റെക്കാഡ് ചെയ്ത രംഗങ്ങൾ ഡിലീറ്റായിരുന്നു. സംഭവ ദിവസം രാത്രി വൈദികനെ രക്ഷിക്കാനെത്തിയ ചിലർ, പളളിയിലെ സി.സി ടിവി ദൃശ്യങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചതായും സിസ്റ്റർ ലൂസി പറയുന്നു.

വൈദിനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്നാണ് മാനന്തവാടി രൂപത നിയോഗിച്ച നാലംഗ സമിതി കണ്ടെത്തിയതെന്ന് പറയുന്നു. തുടർന്നാണ്, സിസ്റ്റർ ലൂസിക്കെതിരെ മാനഷ്ടക്കേസ് കൊടുക്കാൻ വൈദികന് അനുമതി നൽകിയത്. സി.സി ടിവി ദൃശ്യങ്ങൾ ഇന്ന് കാണിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്ന് ഇടവകക്കാരായ പരാതിക്കാർ പറഞ്ഞു. വൈദികനെ അനുകൂലിച്ച് ഇന്നലെ കൽപ്പറ്റയിൽ നടത്താനിരുന്ന കാത്തലിക് ഫോറത്തിന്റെ പത്രസമ്മേളനം അവസാന നിമിഷം ഒഴിവാക്കി. രൂപതയുടെ ഇടപെടലിനെ തുടർന്നാണിതെന്നറിയുന്നു.

'എന്നെ വിമർശിക്കാൻ പി.സി. ജോർജ് ആരാ.?..ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ സ്ഥാനത്തിരുന്ന് ഇത്തരം മോശമായ വാക്കുകൾ ഉപയോഗിക്കരുത്. ബ്ളാക്ക് മാസ് എന്താണെന്ന് ജാേർജിന് അറിയുമോ?. വായിൽ തോന്നുന്നത് വിളിച്ച് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം'.

- സിസ്റ്റർ ലൂസി കളപ്പുര.