മാനന്തവാടി: ഓൺലൈൻ പഠന സാധ്യതകളെ പരമാവധി വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി മാനന്തവാടി മണ്ഡലത്തിൽ 'ഹലോ സ്‌കൂൾ' എന്ന പേരിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും.
ഓൺലൈൻ ക്ലാസ് മുറികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയകാല സാഹചര്യത്തിൽ വിദ്യാഭ്യാസ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന്റെ അദ്ധ്യക്ഷതയിൽ മാനന്തവാടി ബി.ആർ.സിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആദിവാസി ഊരുകളിലുൾപ്പെടെ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസ് മുറികളിൽ എത്തിക്കാൻ യോഗത്തിൽ തീരുമാനമായി. ഇന്നും നാളെയും മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സമിതികൾ വിളിച്ചു ചേർക്കും. തുടർന്ന് വാർഡുകൾ കേന്ദ്രീകരിച്ച് വാർഡ് തല വിദ്യാഭ്യാസ സമിതികൾ രൂപീകരിക്കും. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മിറ്റിയിൽ ആ പഞ്ചായത്തിലെ അദ്ധ്യാപകരെയും, വിദ്യാഭ്യാസ പ്രവർത്തകരെയും, പി.ടി.എ, പ്രതിനിധികളെയും, കുടുംബശ്രീ ഭാരവാഹികളെയും മെന്റർ ടീച്ചർമാരെയും, ക്ലസ്റ്റർ കോർഡിനേറ്റർമാരെയും, വിദ്യാഭ്യാസ വളണ്ടിയർമാരെയും ഉപയോഗപ്പെടുത്തും. പ്രധാനമായും ഓൺലൈൻ പഠനം സാധ്യമല്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യമൊരുക്കും. മാനന്തവാടി മണ്ഡലത്തിൽ മുഴുവൻ വാർഡുകളിലും മൂന്ന് വീതമെങ്കിലും ഓൺലൈൻ പൊതുപഠന കേന്ദ്രങ്ങൾ ഒരുക്കും.

വിക്ടേഴ്‌സ് ചാനൽ ലഭ്യമല്ലാത്ത കേന്ദ്രങ്ങളുടെ എണ്ണം പരിശോധിക്കും. വൈദ്യുതി ലഭ്യമല്ലാത്ത ഇടങ്ങളിൽ ഉടൻ വൈദ്യുതി ലഭ്യമാക്കും. ലൈബ്രറി കൗൺസിലുമായി ബന്ധപ്പെട്ട് ഹലോ സ്‌കൂൾ പദ്ധതിയിൽ സഹകരിപ്പിക്കും. പഞ്ചായത്ത് തല സമിതികളെ സഹായിക്കാൻ ബിആർസി കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. മണ്ഡലത്തിലെ മുഴുവൻ അധ്യാപകരടേയും സേവനം ഉറപ്പ് വരുത്താൻ എ.ഇ.ഒ യെ ചുമതലപ്പെടുത്തി.

ഇന്നലെ ചേർന്ന ഹലോ സ്‌കൂൾ യോഗത്തിൽ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, മാനന്തവാടി നഗരസഭാ ചെയർമാൻ, മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സമഗ്ര ശിക്ഷാ കേരള വയനാട് ജില്ലാ കോഓർഡിനേറ്റർ അബ്ദുൽ അസീസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം ജില്ലാ കോഓർഡിനേറ്റർ വിത്സൺ തോമസ്, കൈറ്റ് ജില്ലാ കോഓർഡിനേറ്റർ വി.ജെ തോമസ്, മാനന്തവാടി എ.ഇ.ഒ ഉഷാദേവി, മാനന്തവാടി ബിപിസി കെ.മുഹമ്മദാലി എന്നിവർ പങ്കെടുത്തു.