കൽപ്പറ്റ: ഗാളി ഈച്ചയാണ് കെ.കെ. സോമനാഥൻ മാസ്റ്ററെ ഇപ്പോൾ വിട്ടൊഴിയാതെ അലട്ടുന്ന വിഷയം. തൊടിയിലെ മാമ്പഴമുൾപ്പെടെയുള്ളവ കഴിക്കാൻ പറ്റാത്ത അവസ്ഥ. ഗാളി ഇൗച്ചയെ ഭയന്ന് മാമ്പഴം ആർക്കെങ്കിലും സൗജന്യമായി കൊടുക്കാൻ പോലും സോമനാഥൻ മാസ്റ്റർക്ക് മടിയാണ്. ഇതുകാരണം ആർക്കും ഇത്തവണം മാമ്പഴം നൽകിയില്ല.
പുൽപ്പള്ളി ടൗണിലെ സുരഭിയിൽ ഏകനായാണ് സോമനാഥൻ മാസ്റ്ററുടെ താമസം. തൊടിയിൽ വിളയുന്ന മാമ്പഴമുൾപ്പെടെയുള്ളവ ആവശ്യക്കാർക്ക് സൗജന്യമായി നൽകുകയാണ് ഇദ്ദേഹത്തിന്റെ പതിവ്. അത്യുത്പാദന ശേഷിയുള്ള പതിനാലിലേറെ മാമ്പഴങ്ങളുടെ ഇനം മാസ്റ്ററുടെ തോട്ടത്തിലുണ്ട്.
അതിനിടെ മുഴുവൻ മാവുകളെയും ഗാളി ഇൗച്ച ആക്രമിച്ചു. മാമ്പഴത്തിലാണ് ഇവ മുട്ടയിടുന്നത്. തുടർന്ന് മാമ്പഴം പുഴുകയറി നശിക്കും. തോട്ടത്തിലെ മുഴുവൻ മാമ്പഴത്തിലും ഈച്ചശല്യമുണ്ട്. ഇതിനെ തുരത്താൻ ഇൗച്ച കെണികൾ മാവിൽ കൊമ്പിൽ തൂക്കിയിട്ടിട്ടുണ്ട്. ഒരു തരം കേക്കാണ് കെണിയിൽ വച്ചിരിക്കുന്നത്. കേക്കിന്റെ മണം ആകർഷിച്ചെത്തുന്ന ഇൗച്ചകൾ കൂട്ടിലാകും. പറമ്പിലെ നാല് കെണിയിൽ ധാരാളം ഇൗച്ചകൾ ചത്ത് കിടപ്പുണ്ട്.
പുൽപ്പള്ളി വിജയ ഹൈസ്‌കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന സോമ നാഥൻ 1996ൽ സർവീസിൽ നിന്ന് വിരമിച്ചു. ഭാര്യ വിലാസിനി ടീച്ചർ വിജയ എൽ.പി സ്‌കൂളിലെ ടീച്ചറായിരുന്നു. അസുഖത്തെ തുടർന്ന് 2006ൽ മരിച്ചു. മക്കളായ ഡോ. സ്വപ്നയും, സൗമ്യയും വിവാഹിതരായി പോയി. വയനാട്ടിലും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യരുള്ള സോമനാഥൻ മാസ്റ്റർക്ക് ശ്രീനാരായണ ഗുരദേവന്റെ സൂക്തങ്ങളാണ് ഒറ്റപ്പെടലിൽ ആശ്വാസമായത്. മിണ്ടാനും ഉരിയാടാനും തൊടിയിൽ നിറയെ ഫലവൃക്ഷങ്ങളുമുണ്ട്. അക്കൂട്ടത്തിൽ മാങ്കോസ്റ്റിൻ വരെയുണ്ട്.
ഒന്നും വിൽക്കാറില്ല. വരുന്നവർക്കൊക്കെ പറിച്ച് നൽകും. കണ്ണിലെ കൃഷ്ണമണി പോലെയാണ് മാസ്റ്റർ ചെടികളെ പരിപാലിക്കുന്നത്. വീട്ടിലെ ലൈബ്രററിയിലെ നൂറ് കണക്കിന് പുസ്തകങ്ങളുമുണ്ട്. അതിൽ ഏറെയും ഗുരുദേവ കൃതികൾ. ആരെടുത്തും ഇല്ലാത്ത കളക്ഷനുകൾ. ഇതിഹാസങ്ങളും വേദങ്ങളും എല്ലാം വേറെയും. 1986ലും 87ലും ഗുരു നിത്യചെൈതന്യയതി മാസ്റ്ററുടെ വീട്ടിൽ വന്നിരുന്നു. വായനയും കൃഷിയും എഴുത്തുമെല്ലാം മാസ്റ്റർക്ക് ജീവവായുവാണ്. 1983ൽ എസ്.എൻ.ഡി.പി വയനാട് യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.