കൽപ്പറ്റ: ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രണ്ടു പേർ ഇന്നലെ രോഗമുക്തരായി.

എടവക പഞ്ചായത്ത് പരിധിയിലെ 30 കാരനും 47 കാരിയായ തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനിക്കുമാണ് രോഗബാധ.എടവക സ്വദേശി മാലദ്വീപിൽ നിന്നും തിരിച്ചെത്തിയതാണ്. തമിഴ്‌നാട് സ്വദേശിനി ദുബായിൽ നിന്നും മേയ് 17 ന് കരിപ്പൂർ വിമാനത്താവളം വഴി എത്തിയതായിരുന്നു. കൽപ്പറ്റയിലെ സ്വകാര്യ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇരുവരും. പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈറസ് ബാധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പനമരം പഞ്ചായത്ത് പരിധിയിൽ പള്ളിക്കുന്ന് സ്വദേശിയായ 49 കാരിയും മേപ്പാടി സ്വദേശിയായ 62 കാരനുമാണ് രോഗമുക്തരായി ഇന്നലെ ആശുപത്രി വിട്ടത്. പളളിക്കുന്ന് സ്വദേശിയെ മേയ് 27 നും മേപ്പാടി സ്വദേശിയെ 28 നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ 218 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവിൽ ആകെ 3689 പേരാണ് നിരീക്ഷണത്തിലുളളത്. പട്ടികവർഗ വിഭാഗത്തിൽപെടുന്ന 846 പേർ ഉൾപ്പെടെ 1921 പേർ കൊവിഡ് കെയർ സെന്ററുകളിലാണ്. അതേസമയം ഇന്നലെ 282 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. രോഗം സ്ഥിരീകരിച്ച 13 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിത്സയിൽ കഴിയുന്നത്.

മുത്തങ്ങ വഴി എത്തിയത്

15,145 പേർ
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് ജൂൺ 3 വരെ പ്രവേശിച്ചവരുടെ എണ്ണം 15145 ആയി.ഇതിൽ 10004 പുരുഷൻമാരും, 3611 സ്ത്രീകളും 1530 കുട്ടികളും ഉൾപ്പെടും.1488 പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കി. 5840 വാഹനങ്ങളാണ് അതിർത്തി കടന്നെത്തിയത്.