കൽപ്പറ്റ: ഇന്ത്യൻ സീനീയർ ചേംബർ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡ് പ്രതിരോധത്തിൽ മികവു പുലർത്തുന്ന പ്രമുഖ വ്യക്തികളെ ആദരിച്ചു. ഇന്ത്യൻ സീനിയർ ചേംബർ കൽപ്പറ്റ റീജ്യൺ കളക്ടറുടെ ചേംബറിൽ നടത്തിയ ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക എന്നിവരെ ആദരിച്ചു. പ്രസിഡന്റ് പി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സെയ്ത് അലവി. പി.ജെ, ജോസ് കുട്ടി, ഡോ.നൗഷാദ് പള്ളിയാലിൽ, സാബിർ എഹ്‌സാൻ നാഗോർ എന്നിവർ സംബന്ധിച്ചു. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഓരോ ആദരവും പ്രവർത്തന മണ്ഡലത്തിൽ കരുത്ത് പകരുന്നുവെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ആവശ്യമായ ബാരിക്കേഡുകൾ നൽകാൻ സന്നദ്ധ സംഘടനകൾ മുന്നോട്ടു വരണമെന്ന് ജില്ലാ പൊലീസ് മേധാവി അഭ്യർത്ഥിച്ചു. തനിക്ക് ലഭിച്ച ഉപഹാരം ജില്ലയിലെ മുഴുവൻ ആരോഗ്യപ്രവർത്തകർക്കായി സമർപ്പിക്കുന്നുവെന്ന് ഡി.എം.ഒ വ്യക്തമാക്കി.