pari
കബനി തീരത്ത് വൃക്ഷത്തൈകൾ നട്ട സ്ഥലം തരിശായ നിലയിൽ

പുൽപ്പള്ളി: വീണ്ടും പരിസ്ഥിതി ദിനം കടന്നുവരുമ്പോൾ വർഷങ്ങൾക്കു മുമ്പ് വരൾച്ചയെ പ്രതിരോധിക്കാൻ കബനി തീരത്ത് നട്ട മരത്തൈകൾ പാടെ കന്നുകാലികളും കാട്ടാനയും നശിപ്പിച്ച നിലയിൽ.

നാല് വർഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം നിർവഹിച്ച പദ്ധതി ഇന്നും എത്താത്ത അവസ്ഥയിലായി. ലക്ഷങ്ങൾ ചെലവഴിച്ചെന്നല്ലാതെ തൈകൾ സംരക്ഷിക്കാൻ കാര്യമായ പരിചരണമുണ്ടായില്ല.അതോടെ തൈകൾ നശിക്കാൻ തുടങ്ങി. ആദ്യഘട്ടത്തിൽ കന്നുകാലികളും കബനി കടന്നെത്തുന്ന കാട്ടാനക്കൂട്ടവുമെല്ലാം തൈകൾ തിന്നാൻ തുടങ്ങിയപ്പോൾ ഈ ഭാഗത്ത്‌ വേലികെട്ടി സംരക്ഷിച്ചിരുന്നു. എന്നാൽ ഈ വേലിയും കാട്ടാനകൾ തകർക്കുകയായിരുന്നു. പിന്നീട്‌ വേലി നന്നാക്കാൻ യാതൊരു ശ്രമവും നടന്നില്ല. കബനി തീരത്തെ പച്ചപ്പിലാക്കാനുള്ള പദ്ധതികൾ പലതവണ ആവിഷ്‌കരിച്ചതല്ലാതെ കാര്യക്ഷമമായി നടപ്പിലാക്കാൻ നടപടി ഉണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം. കൊളവള്ളി മുതൽ പെരിക്കല്ലൂർ വരെ കബനിയുടെ തീരത്ത് വൃക്ഷവത്കരണ പദ്ധതി നടപ്പാക്കാൻ തീരുമാനമുണ്ടായെന്നല്ലാതെ യാഥാർത്ഥ്യമായില്ലെന്നു മാത്രം.