ജില്ലാ ആശുപത്രിയിലുള്ള രോഗികൾ 16 പേർ
കോഴിക്കോട് മെഡിക്കൽ കോളേജിൽ 2 പേർ
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
കർണാടകയിൽ നിന്ന് തിരിച്ചെത്തിയ പനമരം പഞ്ചായത്ത് പരിധിയിലെ 48-കാരൻ, 20-കാരൻ എന്നിവർക്കും മേയ് 20 ന് ദുബായിൽ നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി മടങ്ങിയെത്തിയ കൽപ്പറ്റ സ്വദേശിയായ 63 കാരനുമാണ് രോഗബാധ. പനമരം സ്വദേശികൾ മേയ് 28 നാണ് മൈസൂരിൽ നിന്നു മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി എത്തിയത്. സ്രവസാമ്പിൾ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ മൂവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗം ബാധിച്ച 16 പേർ ഇപ്പോൾ ജില്ലാ ആശുപത്രിയിലുണ്ട്. രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും.
ഇന്നലെ പുതുതായി 394 പേർ ഉൾപ്പെടെ നിലവിൽ 3835 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 25 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന 823 പേർ ഉൾപ്പെടെ 1846 പേർ വിവിധ കൊവിഡ് കെയർ സെന്ററുകളിലായുമുണ്ട്. 248 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
ജില്ലയിൽ നിന്നു ഇതുവരെ പരിശോധനയ്ക്ക് അയച്ച 2111 പേരുടെ സാമ്പിളുകളിൽ 1732 പേരുടേതിന്റെ ഫലം ലഭിച്ചതിൽ 1698 എണ്ണം നെഗറ്റീവാണ്. 374 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നു ആകെ 2419 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 1877 ൽ 1871 എണ്ണവും നെഗറ്റീവാണ്. 542 എണ്ണത്തിന്റെ കൂടി ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 അതിർത്തി ചെക്ക് പോസ്റ്റുകളിൽ 2918 വാഹനങ്ങളിലായി എത്തിയ 5612 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്ന 192 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കഴിയുന്ന 129 രോഗികൾക്ക് ആവശ്യമായ പരിചരണം നൽകിയിട്ടുമുണ്ട്.