കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.
കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റും മുൻ എം.എൽ.എ.യുമായ എൻ.ഡി. അപ്പച്ചൻ സമരം ഉദ്ഘാടനം ചെയ്തു. പ്രഥമ പ്രധാനമന്ത്രി സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ മോദി സർക്കാർ വിറ്റു തുലക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾക്കെതിരെ ചെറുവിരൽ അനക്കാൻ പോലും സി.പി.എമ്മും സി.പി.ഐയും തയ്യാറാവുന്നില്ല. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ കൊവിഡ് കാലത്തും കൊള്ള തുടരുകയാണ്.
ഡിവിഷൻ പ്രസിഡന്റ് പി.ജി. രമേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ജംഹർ, ജില്ലാ ട്രഷറർ എൽദോ കെ. ഫിലിപ്പ്, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.