ck

വെങ്ങപ്പള്ളി: ആദിവാസി മേഖലയെ ലഹരി മുക്തമാക്കുന്നതിനുള്ള കുടുംബശ്രീ ജില്ലാ മിഷന്റെ 'പുതുജീവനം" പദ്ധതി വെങ്ങപ്പള്ളി ചേമ്പ്രോട്ട് കോളനിയിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടികവർഗ്ഗ വികസന വകുപ്പ്, വിമുക്തി, എക്‌സൈസ്, ജനമൈത്രി പൊലീസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെയും പത്ത് കോളനികളിൽ വീതവുമാണ് പദ്ധതി നടപ്പാക്കുന്നത്. ആനിമേറ്റർമാർ, ട്രൈബൽ പ്രമോട്ടർമാർ എന്നിവർ ചേർന്ന് മദ്യപാനികൾക്കിടയിൽ സർവ്വേ നടത്തുകയും അതിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികൾ നടപ്പാക്കും. നാടകം, ക്ലാസുകൾ, കൗൺസലിംഗ് എന്നീ പ്രവർത്തനങ്ങളാണ് ഇവർക്കായി ഒരുക്കുക. പഞ്ചായത്ത് പ്രസിഡന്റുമാർ ചെയർമാനായ കമ്മിറ്റികളാണ് പഞ്ചായത്ത് തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വാർഡ് തലത്തിൽ മെമ്പർ ചെയർമാനായ കമ്മിറ്റിയും പ്രവർത്തിക്കും.
പഞ്ചായത്ത് പ്രസിഡന്റ് പി.എം. നാസർ അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ കെ.സി. ചെറിയാൻ, കുടുംബശ്രീ മിഷൻ എ.ഡി.എം.സി കെ.എ. ഹാരിസ്, ജനമൈത്രി പൊലീസ് ഇൻസ്‌പെക്ടർ വി. വിജയൻ, എക്‌സൈസ് ഇൻസ്‌പെക്ടർ പി.എ. ഷാജഹാൻ, കുടുംബശ്രീ ഡി.പി.എം വി. ജയേഷ്, പച്ചപ്പ് കോർഡിനേറ്റർ കെ.എം. സുമേഷ് എന്നിവർ പങ്കെടുത്തു.