
കൽപ്പറ്റ: പ്രവാസികൾക്ക് വീടുകളിൽ നിബന്ധനകളോടെ ക്വാറന്റൈൻ സംവിധാനം ഒരുക്കാൻ ജില്ലാഭരണകൂടം അനുമതി നൽകി. താത്പര്യമുള്ള പ്രവാസികൾ യാത്രയ്‌ക്ക് 24 മണിക്കൂർ മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ഇ-മെയിലായി അപേക്ഷ സമർപ്പിക്കണം. സെക്രട്ടറിയോ ചുമതപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപേക്ഷകന്റെ താമസസ്ഥലം പരിശോധിച്ച് നിരീക്ഷണത്തിന് അനുയോജ്യമെന്ന് സാക്ഷ്യപത്രം നൽകണം. തുടർന്ന് നോഡൽ ഓഫീസർ ക്വാറന്റൈൻ അനുവദിക്കും. സാക്ഷ്യപത്രത്തിന്റെ പകർപ്പ് അപേക്ഷകനും നൽകും.
വീട് പൂർണമായോ ഭാഗികമായോ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനായി തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് പ്രഖ്യാപിക്കാം. പ്രവാസിയല്ലാതെ മറ്റാരും ഇവിടെ പ്രവേശിക്കരുത്. ക്വാറന്റൈനായി നിശ്ചയിച്ച കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ 'ഒരാൾ നാടിനായി നിരീക്ഷണത്തിന് ഇരിക്കുകയാണ്" എന്ന തീയതി അടങ്ങിയ സ്റ്റിക്കർ പതിക്കണം. തദ്ദേശ സ്ഥാപനത്തിന്റെ സാക്ഷ്യപത്രമുള്ള പ്രവാസികൾ സീപോർട്ട് / എയർപോർട്ടിൽ നിന്ന് സ്വന്തം നിലയിൽ വീട്ടിലേക്ക് പോകണം. ക്വാറന്റൈനിൽ പ്രവേശിച്ച ഉടൻ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം. പ്രവാസികളുടെ ആരോഗ്യനില ദിവസവും ആരോഗ്യ വകുപ്പ് വിലയിരുത്തും.
ക്വാറന്റൈൻ കെട്ടിടത്തിൽ മറ്റാരെങ്കിലും താമസിക്കുന്നുണ്ടെങ്കിൽ അവരും ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ പാലിക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയവർക്കും ഉത്തരവ് ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിലെ കൊവിഡ് കണക്കുകൾ
 പുതുതായി നിരീക്ഷണത്തിലായവർ- 192
 ഇതിൽ ആശുപത്രിയിലുള്ളവർ- 26
 ആകെ നിരീക്ഷണത്തിലുള്ളവർ- 3711
 ആകെ രോഗികൾ- 18
 16 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ, രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ
 നിരീക്ഷണം പൂർത്തിയാക്കിയവർ- 316
 ഇന്നലെ പരിശോധനയ്‌ക്ക് അയച്ച സാമ്പിൾ- 63
 ഇതുവരെ പരിശോധനയ്‌ക്ക് അയച്ചത്- 2174
 നെഗറ്റീവ് ആയത്- 1771
 ഫലം ലഭിക്കാനുള്ളത്- 364
 സാമൂഹ്യ വ്യാപനം കണ്ടെത്താൻ ഇന്നലെ അയച്ച സാമ്പിൾ- 53
 ഇത്തരത്തിൽ ആകെ അയച്ച സാമ്പിൾ- 2472
 ഫലം ലഭിക്കാനുള്ളത്- 501