കൽപ്പറ്റ: ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ ഹോട്ടൽ, ബേക്കറി, തട്ടുകട തുടങ്ങിയവ നടത്തുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണർ. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടി ഇതുസംബന്ധിച്ച് മാർഗ രേഖ പുറത്തിറക്കി.
പനി, ചുമ, ജലദോഷം എന്നിവയുള്ള ജീവനക്കാരെ ജോലി ചെയ്യാനനുവദിക്കരുത്. ജീവനക്കാർ ജോലിക്ക് കയറുമ്പോൾ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കണം. ആഹാരം പാകം ചെയ്യുന്നവർ സ്ഥാപനത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം. പുറത്ത് ഉപയോഗിക്കുന്ന ചെരുപ്പ് സ്ഥാപനത്തിനുള്ളിൽ ഉപയോഗിക്കാൻ അനുവദിക്കരുത്. ജീവനക്കാർ നോട്ട്, മൊബൈൽ ഫോൺ തുടങ്ങിയവ ജോലി സമയത്ത് കൈകാര്യം ചെയ്യരുത്. നോട്ട്, ഫോൺ കൈകാര്യം ചെയ്യുന്നവർ ഭക്ഷണസാധനം വിതരണം നടത്തുന്നതിന് മുമ്പ് കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകണം. സ്ഥാപനത്തിലെ കൗണ്ടർ, ടോപ്പുകൾ, ഡോർ ഹാന്റിൽ, മേശകൾ, തറ തുടങ്ങിയവ സോപ്പ്, വെള്ളം അല്ലെങ്കിൽ ബ്ലീച്ചിംഗ് പൗഡർ ലായിനി ഉപയോഗിച്ച് വൃത്തിയാക്കണം.
തട്ടുകടകളിലും മറ്റും എണ്ണ പലഹാരങ്ങൾ അടച്ചുറപ്പുളള കണ്ണാടി പെട്ടികളിൽ സൂക്ഷിക്കണം. ഉപഭോക്താക്കൾക്ക് ടോങ്ങ് ഉപയോഗിച്ചോ, ഗ്ലൗസ് ധരിച്ച കൈകൊണ്ടോ മാത്രമെ ആഹാരസാധനങ്ങൾ നൽകാവൂ. പാത്രങ്ങളിൽ നിന്നും ആഹാരസാധനങ്ങൾ കൈയിട്ട് എടുക്കാൻ ആളുകളെ അനുവദിക്കരുത്. ഓരോ ഉപയോഗശേഷവും പാത്രങ്ങൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ മുതലായവ സോപ്പുപയോഗിച്ച് കഴുകി, ചൂടുവെള്ളത്തിൽ മുക്കിയെടുത്ത് സൂക്ഷിക്കണം.
സ്ഥാപനത്തിന്റെ പ്രവേശന കവാടത്തിൽ സാനിറ്റൈർ, സോപ്പും വെളളവും ഇവയിലേതെങ്കിലും സൂക്ഷിക്കേണ്ടതും ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് മാർഗ രേഖയിൽ പറയുന്നു.