 ക്വാറന്റൈനിലുള്ള അദ്ധ്യാപകർക്ക് വീണ്ടും ചെക്ക്‌പോസ്റ്റ് ഡ്യൂട്ടി

കൽപ്പറ്റ: ക്വാറന്റൈനിൽ കഴിയുന്നവർക്കും ചെക്ക്‌ പോസ്റ്റ് ഡ്യൂട്ടിയ്ക്ക് പിന്നാലെ നിരീക്ഷണത്തിൽ പോകേണ്ടവർക്കും പുതുതായി നിയമനം നൽകി ആരോഗ്യവകുപ്പ്. ചെക്ക്‌ പോസ്റ്റുകളിലും മുത്തങ്ങ ഫെസിലിറ്റേഷൻ സെന്ററുകളിലുമാണ് മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാതെ ജീവനക്കാരെ നിയമിക്കുന്നതായി ആക്ഷേപം.

മുത്തങ്ങയിൽ 10 ദിവസം തുടർച്ചയായി ജോലി ചെയ്താൽ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് നിർദ്ദേശിക്കുന്ന ആരോഗ്യവകുപ്പ് തന്നെയാണ് അദ്ധ്യാപകരെ നിയമം പാലിക്കാതെ വീണ്ടും നിയമിക്കുന്നത്.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ജൂൺ 6ന് പുതുതായി ഇറക്കിയ ഉത്തരവിൽ ജൂൺ 8 മുതൽ 30 വരെയാണ് അദ്ധ്യാപകരെ ചെക്ക്‌ പോസ്റ്റുകളിൽ നിയമിച്ചിരിക്കുകയാണ്. അതേസമയം, സുൽത്താൻ ബത്തേരി തഹസിൽദാർ മുത്തങ്ങ അതിർത്തി ചെക്ക്‌ പോസ്റ്റിൽ ജോലി തുടരുന്നവരുമുണ്ട് ആരോഗ്യവകുപ്പിന്റെ പുതിയ നിയമന ലിസ്റ്റിൽ. തഹസിൽദാർ നിയമിച്ചവർ ജൂൺ 10 ന് ജോലി കഴിഞ്ഞ് 14 ദിവസം ക്വാറന്റൈനിൽ നിർബന്ധമായും കഴിയേണ്ടതുണ്ടതുണ്ടെന്നു ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.
പത്ത് 10 ദിവസം തുടർച്ചയായി മുത്തങ്ങ ചെക്ക്‌ പോസ്റ്റിലെ അതിർത്തി ഫെസിലിറ്റേഷൻ സെന്ററിൽ ജോലി ചെയ്ത് ക്വാറന്റൈനിൽ കഴിയുന്ന അദ്ധ്യാപകരെ തൊട്ടടുത്ത ദിവസം തന്നെ പാട്ടവയൽ, പെരിക്കല്ലൂർ അതിർത്തി ചെക്ക് പോസ്റ്റിൽ നിയമിച്ചത് വിവാദമായിരുന്നു. 3 ചെക്ക്‌ പോസ്റ്റുകളിലുൾപ്പെടെ 13 ദിവസം ജോലി ചെയ്ത അദ്ധ്യാപകരെയാണ് നിരന്തരം ജോലിയ്ക്കായി നിയമിക്കുന്നത്. അതേസമയം, ഇതുവരെ നിയമനം ലഭിക്കാത്ത നിരവധി അദ്ധ്യാപകരുമുണ്ട് ജില്ലയിൽ.

മാർച്ച് 18 മുതൽ അദ്ധ്യാപകർ ഡ്യൂട്ടിയിലുണ്ട്. 8 ഗ്രാമപഞ്ചായത്തുകളിലെ 14 അതിർത്തി പോയിന്റുകളിൽ ആരോഗ്യം, പൊലീസ്, റവന്യൂ, വനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ജീവനക്കാരോടൊപ്പമാണ് അദ്ധ്യാപകരും ജോലിക്കെത്തിയത്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരെ പങ്കാളികളാക്കി ചുമതല നൽകാൻ തീരുമാനിച്ച ആദ്യ ജില്ലാ ഭരണകൂടം വയനാടായിരുന്നു.
ആദ്യഘട്ടങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസറായിരുന്നു നിയമന ഉത്തരവ് നൽകിയിരുന്നത്. പിന്നീട് തഹസിൽദാർമാരും നാഷണൽ ഹെൽത്ത് മിഷനും (എൻ.എച്ച്.എം) നിയമനം തുടങ്ങി. രണ്ടിടങ്ങളിൽ നിന്ന് ചെക്ക്‌ പോസ്റ്റുകളിൽ അദ്ധ്യാപകരെ നിയമിച്ച് ഉത്തരവുകൾ ഇറങ്ങിയതോടെ ഏകോപനം നഷ്ടപ്പെടലും താളം തെറ്റലും പതിവായി. ഇത് വരെ ജോലി നൽകാത്തവരെ കണ്ടെത്തി നിയമനം നടത്തുന്നതിന് പകരം ലഭിക്കുന്നവർക്ക് തന്നെ നിരന്തരം ജോലി നൽകുകയാണ്.


അദ്ധ്യാപകരെ ഇനിയും ഡ്യൂട്ടിയ്ക്ക്

ഇടരുത് : കെ.എസ്.ടി.യു
കൽപ്പറ്റ: അദ്ധ്യാപകജീവനക്കാരുടെ നിയമനങ്ങളിലെ മാനദണ്ഡങ്ങളും വ്യവസ്ഥകളും പരസ്യപ്പെടുത്തണമെന്നും നിയമനത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നും കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന സെക്രട്ടറി പി.പി.മുഹമ്മദ് ആവശ്യപ്പെട്ടു.
വിചിത്രമായ നിയമന രീതിയാണ് വകുപ്പുകൾ സ്വീകരിക്കുന്നത്. നിരന്തരം നിയമനം ലഭിക്കുന്നവരും ഇതേവരെ നിയമനം ലഭിക്കാത്തവരും ജില്ലയിലുണ്ട്.
പരീക്ഷ ഉത്തരപേപ്പറുകളുടെ മൂല്ല്യനിർണയം, ഓൺലൈൻ ക്ലാസിന്റെ സംഘാടനവും ചുമതലയുമുള്ളതിനാലും ചെക്ക്‌പോസ്റ്റ് ചുമതലകളിൽ നിന്ന് അദ്ധ്യാപകരെ ഒഴിവാക്കണം. നിലവിലെ നിയമന ഉത്തരവുകൾ പിൻവലിക്കണം.
വിദ്യാഭ്യാസ വകുപ്പ് മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന ക്ലാസുകൾ ജൂൺ 1 മുതൽ ആരംഭിച്ചിരിക്കുകയാണ്. രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് വിവിധ ക്ലാസുകളെയും വീടുകളിലെ പഠന സൗകര്യങ്ങളെയും സംബന്ധിച്ച് റിപ്പോർട്ടുകൾ അദ്ധ്യാപകരാണ് ശേഖരിക്കുന്നത്. സമയബന്ധിതമായി വിദ്യാഭ്യാസ മേലധികാരികൾക്ക് വിവരശേഖരണം നടത്തി നൽകികൊണ്ടിരിക്കുകയാണിപ്പോൾ. ഓൺലൈൻ ക്ലാസിന്റെ സമയമാവുമ്പോൾ വിദ്യാർത്ഥികളെ വിളിച്ചറിയിക്കണം. വിദ്യാർത്ഥികൾക്ക് തൽസമയ പിന്തുണയും പരിഹാരബോധനവും ക്ലാസദ്ധ്യാപകർ ഉറപ്പാക്കണം. കുട്ടികളുടെ ഹാജർ ശേഖരിക്കണം. കുട്ടിയിരിക്കുന്ന സ്ഥലം എന്നിവയെല്ലാം റിപ്പോർട്ടാക്കി അയക്കുന്ന തിരക്കിലാണിപ്പോൾ അദ്ധ്യാപകർ.