സുൽത്താൻ ബത്തേരി :പഴുപ്പത്തുർ, ചെതലയം ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിൽ കൃഷിയിടത്തിലെത്തിയ കാട്ടാന നിരവധി കർഷകരുടെ നാണ്യ വിളകൾ ഉൾപ്പെടെ നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.
പഴുപ്പത്തൂർ കരുകുറ്റിമൂല പുളിയംമാക്കൽ ബിജുവിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട ഓട്ടോറിക്ഷയും അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് സംഭവം.
ചെതലയം അമ്പായത്തിങ്കൽ കൃഷ്ണകുമാർ, ജയിസൻ, പൂതിമണ്ണ് കോളനിയിലെ രതീഷ് എന്നിവരുടെ കാർഷിക നാണ്യവിളകളാണ് നശിപ്പിച്ചത്. രതീഷിന്റെ തെങ്ങ് , കമുക്, ഇഞ്ചി എന്നിവയും മറ്റ് രണ്ട് പേരുടെ നേന്ത്രവാഴകളുമാണ് കാട്ടാന നശിപ്പിച്ചത്.
വനമേഖലയിൽ നിന്ന് കാട്ടാനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി വനാതിർത്തിയിൽ റെയിൽ ഫെൻസിംഗ് നിർമ്മിച്ചതാണ്. നിർമ്മാണ സാധനങ്ങൾ വനത്തിലേക്ക് കൊണ്ടുപോകുന്നതിനായി ഒഴിവാക്കിയിട്ട സ്ഥലത്തുകൂടിയാണ് പഴുപ്പത്തൂരിൽ കാട്ടാന ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്നത്. ആനശല്യത്തിന് പരിഹാരമായി നിർമ്മിക്കുന്ന വേലി പഴുതുകളില്ലാതെ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളുടേത്.