tribal
ബത്തേരി വേങ്ങൂർ കോളനിയിലെക്കുള്ള ടി വി നഗരസഭാ ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു അബ്ദുറഹ്‌മാന് എസ്.എഫ്.ഐ നേതാക്കൾ കൈമാറിയപ്പോൾ

കൽപ്പറ്റ: നമുക്കൊരുക്കാം, അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി പിന്നാക്ക മേഖലകളിൽ ഓൺലൈൻ ക്ലാസുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സാമൂഹ്യപാഠശാലയൊരുക്കുന്ന എസ് എഫ് ഐ യുടെ ടി വി ചാലഞ്ച് കാമ്പയിൻ മികച്ച മാതൃകയായി മുന്നോട്ട്.
സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച ആദ്യദിവസം തന്നെ ജില്ലയിൽ ആദ്യമായി സുൽത്താൻ ബത്തേരി കോട്ടക്കുന്ന് കോളനിയിൽ എസ് എഫ് ഐ സാമൂഹ്യപാഠശാല ഒരുക്കിയിരുന്നു.
സുഗന്ധഗിരി വയൽകുന്ന് കോളനിയിലെ വിദ്യാർത്ഥികൾക്ക് സാമൂഹ്യപാഠശാല ഒരുക്കി സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിനാണ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത്. ഇതിനോടകം ജില്ലയിൽ അഞ്ച് കോളനികളിൽ സാമൂഹ്യപഠന കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.നിലവിൽ കോട്ടക്കുന്ന് ഡോൺ ബോസ്‌കോ കോളനി, സുഗന്ധഗിരി വയൽകുന്ന് കോളനി എന്നിവയ്ക്കു പുറമെ ചുള്ളിയോട് പാമ്പട , ബത്തേരി കുപ്പാടി വേങ്ങൂർ, ചീരാൽ മുരിക്കിലാട് കോളനികളിലും എസ് എഫ് ഐ യുടെ സാമൂഹ്യപഠന കേന്ദ്രങ്ങൾ സജ്ജമാണ്.
ഇന്ന് കമ്പളക്കാട് കൊയ്ഞ്ഞങ്ങാട് കോളനി, മാനന്തവാടി തലപ്പുഴ, അമ്പലവയൽ വികാസ് കോളനി എന്നിവിടങ്ങളിൽ സാമൂഹ്യ പാഠശാലകൾ എസ് എഫ് ഐ ഒരുക്കും. മാനന്തവാടി നിയോജകമണ്ഡലത്തിൽ ഒ ആർ കേളു എം എൽ എ യുടെ നേതൃത്വത്തിൽ ആരംഭിച്ച ഹലോ സ്‌കൂൾ പദ്ധയിലേക്കു കൽപ്പറ്റ നിയോജകമണ്ഡലത്തിൽ സി കെ ശശീന്ദ്രൻ എം എൽ എ ആരംഭിച്ച ഇ പാഠശാല പദ്ധതിയിലേക്കും ടി വികൾ നൽകുമെന്നും എസ് എഫ് ഐ ജില്ലാ കമ്മറ്റി അറിയിച്ചു.
സാമൂഹ്യപാഠശാലകൾക്ക് പുറമെ അർഹരായ വിദ്യാർത്ഥികൾക്കും എസ് എഫ് ഐ യുടെ യൂണിറ്റ് കമ്മിറ്റികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും സ്വരൂപിക്കുന്ന ടെലിവിഷനുകൾ നൽകുന്നുണ്ട്.