കൽപ്പറ്റ: 2019ആഗസ്റ്റ് എട്ട്. വയനാടിന്റെ പ്രകൃതി സുന്ദരമായ പുത്തുമലയിലെ മലനിരകൾക്ക് ആ മലവെളളപ്പാച്ചലിനെ ഉൾക്കൊളളാനായില്ല. എല്ലാം പെട്ടെന്ന് കഴിഞ്ഞു.ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിഞ്ഞ് പോന്ന പ്രകൃതി സുന്ദരമായ തേയില തോട്ടം മേഖല ഇല്ലാതായി.പച്ചവിതാനിച്ച പ്രകൃതി മനോഹാരിതയിൽ വിളളലുകൾ വീണു.അവിടെയുളള പതിനേഴ് ജീവനുകളെ ആ മലവെള്ളപ്പാച്ചൽ കവർന്നെടുത്തു. മനോഹരമായ ഒരു വാട്ടർ കളർ പെയിന്റിംഗ് പോലെ ഏവരുടെയും മനസിൽ തികട്ടി നിന്ന പുത്തുമല അങ്ങനെ ഗ്രാമം അങ്ങനെ ഇല്ലാതായി.ഒരു പ്രദേശം മുഴുവൻ ഉരുൾ പൊട്ടലിൽ തകർന്നു.മതമൈത്രിയുടെ പ്രതീകമായിമാറിയ പളളിയും അമ്പലവും എല്ലാം ഇല്ലാതായി.കുലംകുത്തിവന്ന മലവെള്ളപ്പാച്ചലിൽ 95 കുടുംബങ്ങൾക്ക് ഭൂമിയും വീടും നഷ്ടമായി.ഇതിൽ 43 കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപാ തോതിൽ ധനസഹായം നൽകി.വിവിധ സംഘടനകളും വ്യക്തികളും ഇവർക്ക് സഹായം നൽകി. അങ്ങനെ വിവിധ പ്രദേശങ്ങളിൽ ഇവർ സ്ഥലം വാങ്ങി വീട് വച്ച് താമസം മാറ്റി.അവശേഷിച്ച 52 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുളള ശ്രമമാണ് മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നത്. ഇതിനായി ഒരു പ്രദേശത്തെ മുഴുവൻ ജനതയും ഒന്നിച്ചു.അങ്ങനെയാണ് പൂത്തക്കൊല്ലിയിൽ ഇവർക്കായി ഒരു മനോഹര ടൗൺ ഷിപ്പ് ഒരുങ്ങാൻ പോകുന്നത്. തോട്ടം മേഖലയായ മേപ്പാടിയിൽ നിന്ന് കേവലം രണ്ട് കിലോ മീറ്റർ അകലെയുളള മുക്കിൽപീടികയിലെ പ്രകൃതി സുന്ദരമായ ഭൂമിയിലാണ് 52 കുടുംബങ്ങളെ പുനരധിവസിപ്പിക്കുക.നെടുമ്പാല മുട്ടിൽ റോഡിലെ ഏഴ് ഏക്കർ ഭൂമി ഇതിനായിഏറ്റെടുത്ത് കഴിഞ്ഞു.ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമി വീതം നൽകും.ഇതിനായുളള സർവെ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ച് കഴിഞ്ഞു.കൊവിഡ് ഉണ്ടാക്കിയ തടസം ഇതിന് ചെറിയൊരു താമസം നേരിട്ടു.നിർദ്ദിഷ്ട ഭൂമിയിലേക്ക് റോഡ് നിർമ്മാണം പൂർത്തിയായി.റോഡുകൾക്ക് ഇരുവശങ്ങളായിട്ടാണ് പൂത്തക്കൊല്ലിയിൽ വീടുകൾ ഉയരാൻ പോകുന്നത്.അതി മനോഹരമായ ഒരു ടൗൺ ഷിപ്പ്.

#

പൂത്തക്കൊല്ലയിൽ എന്തൊക്കെ

കുട്ടികൾക്ക് കളിക്കാനുളള കളിസ്ഥലം,ഒാഡിറ്റോറിയം,അങ്കൺവാടി, സ്തീകൾക്കായി തൊഴിൽ പരിശീലന കേന്ദ്രം,ഹെൽത്ത് സെന്റർ.വെറ്ററനറി ഹോസ്പിറ്റൽ.

#

""ഭൂമി ഫ്ളോട്ടുകളാക്കി അടുത്ത അഴ്ച തന്നെ ഗുണഭോക്താക്കൾക്ക് വീതിച്ച് നൽകും.വീട് നിർമ്മിക്കാൻ സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതവും നൽകും.ഇതിന് പുറമെ വ്യക്തികളും സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും സഹായധനം വാഗ്ദാനം ചെയ്തിട്ടുണ്ട്.എളമരം കരീം എം.പിയുടെ ഫണ്ടും ഇവിടേക്ക് ഒഴുകിയെത്തും..സി.കെ.ശശീന്ദ്രൻ എം.എൽ. എ ദുരന്തം നടന്ന അന്ന് മുതൽ ഇവിടെ എല്ലാ പ്രവർത്തനങ്ങൾക്കുമായി മേൽനോട്ടം വഹിക്കുന്നു.ജില്ലാ ഭരണകൂ‌ടം മുൻകൈയെടുത്ത് സ്പോൺസർഷിപ്പിലൂടെ നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ സമാഹരിക്കാൻ സജീവമായി രംഗത്തുണ്ട്.പുത്തുമലയിൽ നഷ്ടപ്പെട്ടത് പൂത്തക്കൊല്ലിയിൽ വീണ്ടെടുക്കാനുളള അതി തീവ്രമായ പരിശ്രമമാണ് നടക്കുന്നത്."

കെ.കെ.സഹദ്,

മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്