സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഏകദേശം 10 വയസ് പ്രായമുള്ള ആൺകടുവയാണ് ചത്തത്.സുൽത്താൻ ബത്തേരി പുൽപ്പള്ളി റൂട്ടിൽ ചെതലയം അഞ്ചാംമൈലിൽ വനത്തിനുള്ളിലാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ കടുവയുടെ ജഡം കണ്ടെത്തിയത്. തുടർന്ന് വന്യ ജീവി സങ്കേതം മേധാവി പി. കെ ആസിഫിന്റെ 'നേതൃത്വത്തിൽ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ കടുവയുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്തു. മുള്ളൻ പന്നിയുടെ മുള്ളുകൾ കൊണ്ടതിന്റെയും കടുവകൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെയും പരിക്കുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. മരണകാരണം ഉറപ്പിക്കാൻ ശരീരഭാഗങ്ങൾ വനം വകുപ്പ് രാസ പരിശോധനയ്ക്ക് അയച്ചു.