നടവയൽ: ഈർക്കിലുകൊണ്ട് കൊച്ചു കൊട്ടാരങ്ങൾ പണിയുകയാണ് നടവയലിലെ പുത്തൻപുരയിൽ സുനിൽകുമാറും കുടുംബവും. താൻ ഏറെ ആരാധിക്കുന്ന ഗായകൻ യേശുദാസിന് സമ്മാനിക്കണമെന്നാഗ്രഹിച്ച് നിർമ്മിച്ച ഈർക്കിൽ വീണയുടെ പണിയും പൂർത്തിയാകുന്നു.
ഈർക്കിലുകൾ സുനിൽകുമാറിന് ദൗർബല്യമായിയിട്ട് നാല് വർഷം കഴിഞ്ഞു. പെയിന്റിംഗ് ജോലിയുടെ ഇടവേളകളിൽ മൂത്ത് പാകമായ തെങ്ങോലകൾ കണ്ടാൽ ചീകിയെടുത്ത് ചൂല് പോലെ കെട്ടി വെയ്ക്കും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ദിവസവും ഒന്ന് രണ്ട് മണിക്കൂർ ഈർക്കിലുകളുടെ ലോകത്താണ്. കൂട്ടിന് ഭാര്യ പ്രവിതയും മകൻ ഹരിനന്ദുമുണ്ട്.
ആവശ്യമായ അളവിൽ മുറിച്ചെടുത്ത ഈർക്കിൽ, പശ ചേർത്ത് ഒട്ടിച്ചുണ്ടാക്കുന്ന ഓരോ സൃഷ്ടിയുടേയും പിറകിൽ ആഴ്ചകളും മാസങ്ങളും നീളുന്ന അധ്വാനവും അർപ്പണവുമുണ്ട്. പുറം കാഴ്ചയിൽ മാത്രമല്ല അകത്തും യഥാർത്ഥ വിടുകളുടെ തനിപ്പകർപ്പാണ് സുനിലിന്റെ ഈർക്കിൽ കൊട്ടാരങ്ങൾ. മുകളിലത്തെ നിലകളിലേയ്ക്ക് കയറാനുള്ള പടികൾ മുതൽ ഭക്ഷണം കഴിക്കാനുള്ള തീൻമേശ വരെ വീടിനകത്തുണ്ട്.
ഭർത്താവിന് ഈർക്കിലുകളാണെങ്കിൽ ഭാര്യയ്ക്ക് കവുങ്ങിൻ പാളയും മുളയുമൊക്കെയാണ് പ്രിയം. പ്രവിതയുടെ കലാവിരുതിൽ വിരിഞ്ഞ നിരവധി അലങ്കാര വസ്തുക്കളാണ് വീട് നിറയെ. ശ്രുതിയും താളവുമേകി മകൻ ഹരിനന്ദിന്റെ സംഗീതം കൂടി ചേരുന്നതാണ് ഈ കലാകുടുംബം.
ഈർക്കിലുകൾ ചേർത്ത് വെച്ച് സുനിൽകുമാർ നിർമ്മിച്ച വീണയുമായി ഭാര്യയും മകനും