സുൽത്താൻ ബത്തേരി: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടക്കാൻ വ്യാജ യാത്രാ പാസ് ഉപയോഗിച്ച സ്വിറ്റ്‌സർലൻഡ് സ്വദേശി ഡേവിഡ് (47) മുത്തങ്ങയിൽ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്ന് കുഞ്ഞോത്തേക്ക് പോകാൻ ഒരു വനിതയടക്കം മൂന്ന് വിദേശികളാണ് എത്തിയത്. വ്യാജ പാസ് ഉപയോഗിച്ചതിന് ഡേവിഡിനെതിരെ നിയമനടപടി സ്വീകരിച്ചശേഷം മൂന്നു പേരെയും ബത്തേരിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്ക് മാറ്റി.
ശനിയാഴ്ചയും കൃത്രിമ പാസുമായി എത്തിയ ആറംഗ സംഘം കല്ലൂരിൽ പിടിയിലായിരുന്നു. കേസെടുത്ത ശേഷം ഇവരെ ജ്യാമത്തിൽ വിട്ടു.
വ്യാജ യാത്രാപാസ് ചമക്കുന്ന സംഘങ്ങൾ കൂടിയതായാണ് സൂചന. കഴിഞ്ഞ ദിവസം പിടിയിലായ ആറു പേർക്കും കർണാടകയിലെ വീരാജ്‌പേട്ടയിൽ നിന്നാണ് പാസ് ലഭിച്ചത്. പാസ് ഒന്നിന് രണ്ടായിരം രൂപ നിരക്കിൽ ഈടാക്കുന്നുണ്ട്. തമിഴ്‌നാട്ടിലും വ്യാജ പാസ് ചമയ്ക്കുന്ന സംഘങ്ങളുണ്ടെന്നാണ് വിവരം.