jamal
ബ്ലഡ് ലൊക്കേറ്റർ ആപ്പിന്റെ ഉദ്ഘാടനം എം.എ മുഹമ്മദ് ജമാൽ നിർവഹിക്കുന്നു.

സുൽത്താൻ ബത്തേരി: രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനൊപ്പം രക്തദാനത്തിന് താത്പര്യമുള്ളവരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും കൂടി ചെയ്യുക എന്ന ലക്ഷ്യത്തോടെ മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനമാരംഭിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ബ്ലഡ് ലൊക്കേറ്റർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ എവിടെ നിന്നും രക്തദാതാവിനെ കണ്ടെത്താൻ സാധിക്കും. രക്തം കൊടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, രക്തഗ്രൂപ്പ് , എന്നിവ ഈ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം.
ഓരോ മണ്ഡലത്തിന്റെയും രക്തദാതാക്കളെ ഓരോ മണ്ഡലത്തിന്റെയും കമ്മ്യുണിറ്റിയിൽ രജിസ്റ്റർ ചെയ്യണം. ഇത്തരത്തിൽ നിയോജകമണ്ഡലത്തിൽ ഓരോ കമ്മ്യുണിറ്റി നിലവിൽ വരുന്നതോടെ രക്തദാനത്തിന് ഏകീകൃത സംവിധാനമാണ് നിലവിൽ വരുക. ആപ്ലിക്കേഷന്റെ ബത്തേരി നിയോജകമണ്ഡലംതല ഉദ്ഘാടനം ജില്ലാ മുസ്ലീം ലീഗ് ട്രഷറർ എം.എ.മുഹമ്മദ് ജമാൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സി.കെ.ഹാരിസിന്റെ പേര് ചേർത്ത് നിർവഹിച്ചു. സമദ് കണ്ണിയൻ, സി.കെ.മുസ്തഫ, നിസാം കല്ലൂർ, ഹാരീസ്, അഷറഫ് കോട്ടൂർ, ഇ.പി.ജലീൽ, ഷബീർ പടിഞ്ഞാറെത്തൊടി, റമീസ് ചൂര്യൻ എന്നിവർ പങ്കെടുത്തു.