മാനന്തവാടി: ജില്ലയിൽ ഇന്നലെ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി. ജൂൺ 3 ന് മഹാരാഷ്ട്രയിൽ നിന്നു നാട്ടിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞുവന്ന നെന്മേനി കരടിപ്പാറ സ്വദേശിയായ 53 കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

അതിനിടെ, ജില്ലയിൽ ഒരാൾ കൂടി രോഗമുക്തനായി. ഖത്തറിൽ നിന്നെത്തി മേയ് 28 മുതൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂതാടി സ്വദേശിയായ 28 കാരനാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
ഇപ്പോൾ രോഗം സ്ഥിരീകരിച്ച 19 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാൾ കോഴിക്കോട് ബീച്ച് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്.

ഇന്നലെ നിരീക്ഷണത്തിലായ 223 പേർ ഉൾപ്പെടെ 3685 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിലുള്ളത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 2521 പേരുടെ സാമ്പിളുകളിൽ 2100 എണ്ണത്തിന്റെ ഫലം ലഭിച്ചു. 2062 സാമ്പിൾ നെഗറ്റീവാണ്. 38 പേരുടേത് പോസിറ്റീവും. 416 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.

സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നു ആകെ 3354 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതിൽ ഫലം ലഭിച്ച 2456 ൽ 2439 എണ്ണം നെഗറ്റീവാണ്. 17 എണ്ണം പോസിറ്റീവും.

ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2880 പേരെ നേരിട്ട് വിളിച്ച് വിവരങ്ങൾ തേടി. നിരീക്ഷണത്തിൽ കഴിയുന്ന 296 പേർക്ക് കൗൺസലിംഗും നൽകി.