പുൽപ്പളളി: വനാതിർത്തി പ്രദേശങ്ങളിൽ കഴിയുന്നവർ വന്യമൃഗങ്ങളുടെ ആക്രമണ ഭീതിയിൽ. കഴിഞ്ഞ ദിവസം വിറക് ശേഖരിക്കാൻ പോയ പുൽപ്പള്ളി കദവാക്കുന്ന് ബസവൻകൊല്ലി കോളനിയിലെ മാധവദാസിന്റെ മകൻ ശിവകുമാറി (23)നെ കടുവ കൊലപ്പെടുത്തി ഭക്ഷിച്ച സംഭവം ഞെട്ടലോടെയാണ് വന ഗ്രാമങ്ങൾ കേട്ടത്. നരഭോജി കടുവ ഇനിയും ആക്രമണം നടത്തുമെന്ന ഭയം ഇവിടങ്ങളിൽ കഴിയുന്നവർക്കുണ്ട്.
വന്യമൃഗ ശല്യം മുൻകാലങ്ങളെക്കാൾ ഏറിയിരിക്കുകയാണ്. ഒാരോ സംഭവം ഉണ്ടാകുമ്പോൾ മാത്രമാണ് അധികൃതർക്ക് എത്തുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുന്നു. പട്ടാപ്പകൽ പോലും വന്യമൃഗങ്ങൾ കാട് വിട്ട് നാട്ടിലേക്കിറങ്ങുന്ന അവസ്ഥയാണ്. ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾ പുറത്തിറങ്ങാതെ കഴിഞ്ഞത് കൊണ്ട് വന മേഖലകളിൽ നിന്ന് വന്യമൃഗങ്ങൾ കൂട്ടമായി നാട്ടിലേക്കിറങ്ങാൻ തുടങ്ങി.
വനാതിർത്തികളിൽ കഴിയുന്ന ആദിവാസികൾ അടക്കമുളളവർ കാടുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. ഇവർക്ക് കാട്ടിന് സമീപത്തേക്കുപോലും പോകാൻ കഴിയാത്ത സ്ഥിതിയുണ്ട്. വയനാട് വന്യജീവി സങ്കേതത്തിൽ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവർക്ക് തൽക്കാലം നഷ്ടപരിഹാരം നൽകി വരിക മാത്രമാണ് ചെയ്യുന്നത്.
വൻ പ്രതിഷേധമാണ് പ്രദേശത്ത് ഇന്നലെ ഉണ്ടായത്.വരും ദിനങ്ങളിൽ പ്രതിഷേധം കനക്കും. കടുവ കൊന്ന് തിന്ന ശിവകുമാറിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. വനാതിർത്തികളിൽ കഴിയുന്ന ആദിവാസികളുടെയും കർഷകരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ശാശ്വമായ പരിഹാരമാണ് ഉടനടി ഉണ്ടാവേണ്ടത്.