സുൽത്താൻ ബത്തേരി: വർഷത്തിൽ ശരാശരി 320 പോസ്റ്റ്‌മോർട്ടം കേസുകൾ. എണ്ണം നോക്കിയാൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം. പക്ഷേ, ഇത്രയധികം പോസ്റ്റ്‌മോർട്ടം നടത്തേണ്ടി വരുന്ന സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഇപ്പോൾ ഡോക്ടറില്ല. ഇവിടെയുണ്ടായിരുന്ന ഡോക്ടർ പ്രെമോഷനോടെ സ്ഥലംമാറ്റമായ ശേഷം പകരം ആരുമെത്തിയില്ല.
അതിർത്തി പട്ടണമായതിനാൽ അപ്പുറത്തു നിന്നുള്ള കേസുകളടക്കം താലൂക്ക് ആശുപത്രിയിലേക്കാണ് എത്തുന്നത്. ദിവസേന ഒരു കേസ് വെച്ചെങ്കിലുമുണ്ടാവും. ആകെയുള്ളത് ഒരു അസിസ്റ്റന്റ് സർജൻ മാത്രം. നിലവിലുള്ളയാൾ ഫോറൻസിക് സർജനായി സ്ഥാനക്കയറ്റം ലഭിച്ച് കാസർകോട്ടേക്ക് മാറുകയായിരുന്നു. ഇവിടെ ഫോറൻസിക് സർജന്റെ പോസ്റ്റ് ഒഴിവില്ലെന്നതു കൊണ്ടാണ് ഇവിടെ നിന്ന് സ്ഥലം മാറ്റേണ്ടിവന്നത്. ഇവിടെ പുതിയ തസ്തിക സൃഷ്ടിച്ചാൽ ആ ഡോക്ടറെ ഇവിടെ തന്നെ നിലനിറുത്താമായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പോസ്റ്റ്‌മോർട്ടത്തിന്‌ ഡോക്ടർ ഇല്ലാതായതോടെ മിക്ക കേസുകളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ വിടേണ്ടി വരും.

ഒരു വർഷം മുമ്പാണ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടെ പോസ്റ്റ്‌മോർട്ടം യൂണിറ്റ് ആരംഭിച്ചത്. അതോടെ പോസ്റ്റ്‌മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥ ഒഴിവായി. എന്നാൽ, വീണ്ടും സ്ഥിതി പഴയ പടിയിലേക്ക് മാറുകയാണ്.

കൊവിഡ്‌ വ്യാപനമുള്ളതിനാൽ അസ്വഭാവിക മരണങ്ങൾ സംഭവിക്കുന്നവരുടെ ട്രുമാറ്റ് ടെസ്റ്റ് കൂടി നടത്തേണ്ടതുണ്ട്. ഡോക്ടർ ഇല്ലെന്നതിനാൽ അതും പ്രശ്നമാവും.