കൽപറ്റ: കൊവിഡ് ക്വാറന്റൈനിൽ കഴിഞ്ഞവരുടെ ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളിലാക്കി വിദ്യാലയത്തിൽ നിക്ഷേപിച്ച സംഭവം നാടിനും സാംസ്‌കാരിക കേരളത്തിനും അപമാനമാണെന്ന് കെ എസ് ടി എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

വിദ്യാലയങ്ങളിൽ മതിയായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കേണ്ടവർ തന്നെ വിവേകശൂന്യമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ല. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ തെങ്ങുമുണ്ട ഗവ എൽ പി സ്‌കൂൾ ഹെഡ്മാസ്റ്ററെ അകാരണമായും ക്രമരഹിതമായും സസ്‌പെൻഡ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി പിൻവലിക്കുക, പ്രസിഡന്റിന്റെ നിരന്തരമായ അദ്ധ്യാപകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, പൊതുവിദ്യാലയങ്ങൾ മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രമാക്കുന്ന പഞ്ചായത്ത് അധികാരികളുടെ സാംസ്‌കാരികശൂന്യതയ്ക്കെതിരെ പ്രതിഷേധിക്കുക, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും ആശങ്കകൾ അകറ്റി ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുക, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ചൊവ്വാഴ്ച രാവിലെ പ്രതിഷേധ ധർണ നടത്തും. 'സാംസ്‌കാരിക ശൂന്യതക്കും അമിതാധികാര പ്രയോഗത്തിനുമെതിരെ അക്ഷര പ്രതിരോധം, അദ്ധ്യാപക പ്രതിഷേധം' എന്ന പേരിലാണ് ധർണ.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലും ഏരിയ, ഉപജില്ല കേന്ദ്രങ്ങളിലും ധർണ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ പറഞ്ഞു.