കൽപ്പറ്റ: വയനാട്ടിൽ ഒരാൾ കൂടി രോഗമുക്തനായി. മേയ് 29ന് ബംഗളൂരുവിൽ നിന്നെത്തിയ ശേഷം സാമ്പിൾ പരിശോധനയിൽ പോസിറ്റീവെന്ന് കണ്ടെത്തിയതോടെ ജൂൺ 9 മുതൽ ചികിത്സയിലായിരുന്ന കൽപ്പറ്റ റാട്ടകൊല്ലി സ്വദേശിയായ 30കാരനാണ് രോഗമുക്തനായി ഇന്നലെ ആശുപത്രി വിട്ടത്.
നിലവിൽ രോഗം സ്ഥിരീകരിച്ച് 22 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമുണ്ട്.
നിരീക്ഷണത്തിൽ 251 പേർ കൂടി
പുതുതായി ഉൾപ്പെട്ട 251 പേരടക്കം നിലവിൽ 3451 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇന്നലെ 192 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
ജില്ലയിൽ നിന്നു ഇതുവരെ പരിശോധനയ്ക്ക് അയച്ച 2763 ആളുകളുടെ സ്രവസാമ്പിളിൽ 2415 പേരുടേതിന്റെ ഫലം ലഭിച്ചതിൽ 2367 എണ്ണവും നെഗറ്റീവാണ്. 48 പേരുടേത് പോസിറ്റീവായി. 294 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.
സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നു ആകെ 4031 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതിൽ ഫലം ലഭിച്ച 3351 ൽ 3330 എണ്ണവും നെഗറ്റീവാണ്. 21 പോസിറ്റീവ് കേസും.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2800 പേരെ കൊവിഡ് കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് വിളിച്ച് മാനസിക പിന്തുണയേകി. ആരോഗ്യകാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പുവരുത്തിയിട്ടുമുണ്ട്.